തിരുവനന്തപുരം: എഴുത്തുപരീക്ഷയിൽ മുന്നിലെത്തിയവർക്ക് നിയമനം ലഭിച്ചില്ല; അഭിമുഖത്തിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും മാർക്ക് രേഖപ്പെടുത്തിയെന്ന് പരാതി. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ വർഷങ്ങൾക്കുശേഷം നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ അന്വേഷണസംഘം പ്രോസിക്യൂഷന് അനുമതി തേടി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്.
മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോ വൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ. എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ. എ. റഷീദ്, എം. പി. റസൽ, കെ. എ. ആൻഡ്രു എന്നിവരാണ് കേസിലെ പ്രതികൾ. മറ്റൊരു പ്രതിയായ സിൻഡിക്കേറ്റ് അംഗം ബി. എസ്. രാജീവ് മരിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതിക്കായി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് അപേക്ഷ നൽകും.
2005ൽ നടന്ന അസിസ്റ്റന്റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാന തെളിവായ ഉത്തരക്കടലാസ് നശിപ്പിക്കപ്പെട്ടതായും പരാതിയുണ്ട്. അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരിൽ മാർക്ക് രേഖപ്പെടുത്തി ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയെന്ന ആരോപണവും കേസിലുണ്ട്.
100 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 33,933 പേരാണ് പങ്കെടുത്തത്. എന്നാൽ, പിന്നീട് ചില ഉദ്യോഗാർഥികൾക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങൾ മാറ്റിയെന്നാണ് പരാതി. എഴുത്തുപരീക്ഷയുടെ 75 ശതമാനം മാർക്കും അഭിമുഖത്തിന്റെ 25 ശതമാനം മാർക്കും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാൽ, അഭിമുഖത്തിന് 15 ശതമാനത്തിൽ കൂടുതൽ മാർക്ക് നൽകാൻ പാടില്ലെന്ന ചട്ടം മറികടന്നുവെന്നാണ് ആരോപണം. അഭിമുഖത്തിൽ ഉയർന്ന മാർക്ക് വാരിക്കോരി നൽകിയതോടെ എഴുത്തുപരീക്ഷയിൽ മുന്നിലെത്തിയവർക്ക് നിയമനം നഷ്ടമായെന്നും പരാതിക്കാർ ആരോപിച്ചു.
2008ലാണ് റാങ്ക് പട്ടിക പുറത്തുവന്നത്. നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതോടെയാണ് കേസ് നീണ്ട നിയമപോരാട്ടത്തിലേക്കും അന്വേഷണത്തിലേക്കും നീങ്ങിയത്.
മുൻ സർക്കാരിന്റെ കാലത്ത്, 2020ൽ കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാൽ, കോടതിയിൽ പരാതി എത്തിയതിനെ തുടർന്ന് 2022ൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇപ്പോൾ കുറ്റപത്രം തയ്യാറാക്കി പ്രോസിക്യൂഷൻ അനുമതി തേടാനുള്ള നീക്കം കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്.
