Home Education/Careerഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജോലി നേടാം; 65 ഒഴിവുകൾ, ശമ്പളം 1.51 ലക്ഷം വരെ, അപേക്ഷ നവംബർ 10 വരെ

ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജോലി നേടാം; 65 ഒഴിവുകൾ, ശമ്പളം 1.51 ലക്ഷം വരെ, അപേക്ഷ നവംബർ 10 വരെ

by news_desk1
0 comments

സുപ്രീം കോടതിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം. സീനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 65 ഒഴിവുകളുമായി പുതിയ വിജ്ഞാപനം പുറത്തിറക്കി. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. യോഗ്യതയുള്ളവർക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും

സീനിയർ പേഴ്സണൽ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികയിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 110 വാക്കുകളും കമ്പ്യൂട്ടറിലെ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കുകളും ടൈപ്പ് ചെയ്യാനുള്ള വേഗം ഉണ്ടായിരിക്കണം.

ശമ്പളവും പ്രായപരിധിയും

47,600 രൂപ മുതൽ 1,51,100 രൂപ വരെയാണ് ശമ്പള സ്കെയിൽ. 2026 ഒക്ടോബർ ഒന്നിന് 18നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. പട്ടികജാതി, പട്ടികവർഗം, ഒബിസി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

പൊതുവിഭാഗക്കാർക്ക് 1,500 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് 750 രൂപ നൽകണം.

തിരഞ്ഞെടുപ്പ് എങ്ങനെ?

100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയാണ് ആദ്യഘട്ടം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഭരണഘടനയിലെ നീതിന്യായ വ്യവസ്ഥകൾ, സുപ്രീം കോടതി ചട്ടങ്ങൾ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.

തുടർന്ന് ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് പരീക്ഷയും കമ്പ്യൂട്ടർ ടൈപ്പിങ് പരീക്ഷയും നടത്തും. മിനിറ്റിൽ 110 വാക്ക് വേഗത്തിൽ ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട്ഹാൻഡ് പരീക്ഷയും മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് വേഗത്തിൽ പത്ത് മിനിറ്റ് ദൈർഘ്യമുള്ള ടൈപ്പിങ് പരീക്ഷയുമാണുള്ളത്. അവസാനഘട്ടത്തിൽ 30 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. താൽപര്യമുള്ളവർക്ക് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബർ 10 ആയതിനാൽ യോഗ്യതയുള്ളവർ വിജ്ഞാപനത്തിലെ നിർദേശങ്ങൾ പരിശോധിച്ച് സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/10/2026101325.pdf

You may also like