തിരുവനന്തപുരം: ജോലി അന്വേഷിക്കുന്നവർക്ക് അവസരം. തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 13ന് വാക്ക് ഇൻ അഭിമുഖം നടക്കും.
അക്കൗണ്ടന്റ്, ചൈൽഡ് ഹെൽപ് ലൈൻ കേസ് വർക്കർ, സൂപ്പർവൈസർ, ഗവൺമെന്റ് സ്പെഷ്യൽ ഹോം കൗൺസിലർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച നിബന്ധനകൾ ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്.
അക്കൗണ്ടന്റ് തസ്തികയിലേക്ക് കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദവും ടാലി, കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഗവൺമെന്റ് സ്പെഷ്യൽ ഹോം കൗൺസിലർ തസ്തികയിലേക്ക് സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിങ് എന്നിവയിൽ ബിരുദമോ കൗൺസിലിങ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
അക്കൗണ്ടന്റ്, കൗൺസിലർ തസ്തികകളിലേക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഈ തസ്തികകളിലെ പ്രായപരിധി 40 വയസ്സാണ്.
സൂപ്പർവൈസർ തസ്തികയിലേക്ക് സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിറ്റി സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. കേസ് വർക്കർ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയാണ് ആവശ്യമായത്. സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിലേക്ക് എമർജൻസി ഹെൽപ് ലൈനുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഈ തസ്തികകളുടെ പ്രായപരിധി 50 വയസ്സാണ്.
താൽപര്യമുള്ളവർ ഒക്ടോബർ 13ന് രാവിലെ 11.30ന് തിരുവനന്തപുരം കളക്ടറേറ്റിലെ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ അഭിമുഖത്തിൽ പങ്കെടുക്കണം. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ കാർഡ് എന്നിവ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2345121
