Home Kerala65 ഗ്രാം എന്ന് പാക്കറ്റിൽ, തൂക്കിയപ്പോൾ 52 ഗ്രാം മാത്രം! സിനിമാ തിയേറ്ററുകളിൽ ക്രമക്കേട്; 62,000 രൂപ പിഴ

65 ഗ്രാം എന്ന് പാക്കറ്റിൽ, തൂക്കിയപ്പോൾ 52 ഗ്രാം മാത്രം! സിനിമാ തിയേറ്ററുകളിൽ ക്രമക്കേട്; 62,000 രൂപ പിഴ

by news_desk1
0 comments

കൊച്ചി: സിനിമ കാണാൻ തിയേറ്ററിലെത്തുന്നവർ പോപ്‌കോണിനും മറ്റ് ഭക്ഷണസാധനങ്ങൾക്കും അമിതവില നൽകുന്നുണ്ടോ? പാക്കറ്റിൽ രേഖപ്പെടുത്തിയ തൂക്കമെങ്കിലും ലഭിക്കുന്നുണ്ടോ? സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ. 65 ഗ്രാം എന്ന് രേഖപ്പെടുത്തിയ പോപ്‌കോൺ പാക്കറ്റിൽ തൂക്കം പരിശോധിച്ചപ്പോൾ ലഭിച്ചത് വെറും 52 ഗ്രാം മാത്രം. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉൾപ്പെടെ 26 കേസുകൾ രജിസ്റ്റർ ചെയ്തു. 62,000 രൂപ പിഴ ചുമത്തുകയും അഞ്ച് തിയേറ്ററുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്നും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നുമുള്ള പരാതികളെ തുടർന്നായിരുന്നു നടപടി. മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം കഴിഞ്ഞ മാസം നടത്തിയ പരിശോധനയുടെ രണ്ടാംഘട്ടമായാണ് മിന്നൽ പരിശോധന നടന്നത്. എല്ലാ മാസവും സംയുക്ത പരിശോധന തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കോഴിക്കോട് രാമനാട്ടുകരയിലെ സുരഭി തിയേറ്ററിൽ പാക്കറ്റുകളിൽ നിർമാതാവിന്റെ വിവരങ്ങൾ രേഖപ്പെടുത്താത്തതിന് നോട്ടീസ് നൽകി. ചെറുവണ്ണൂർ ഫറോക്കിലെ മല്ലിക പ്ലക്‌സിൽ 60 ഗ്രാം പോപ്‌കോണിൽ 7.5 ഗ്രാം കുറവുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തു. ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതിനും പാക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും ലൈസൻസ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും നടപടിയെടുത്തു.

കണ്ണൂർ പയ്യന്നൂരിലെ അർച്ചന കോംപ്ലക്‌സിൽ 65 ഗ്രാം എന്ന് രേഖപ്പെടുത്തിയ പോപ്‌കോൺ പാക്കറ്റിൽ 52 ഗ്രാം മാത്രമാണ് കണ്ടെത്തിയത്. ഇതിന് 10,000 രൂപ പിഴ ചുമത്തി. ചെറുപുഴ എ.കെ. സിനി പാലസിൽ 60 ഗ്രാം എന്ന് രേഖപ്പെടുത്തിയ പോപ്‌കോണിന്റെ തൂക്കം 42 ഗ്രാം മാത്രമായതിനാൽ 5,000 രൂപ പിഴ ഈടാക്കി. കണിച്ചാറിലെ ദേവ് സിനിമാസിലും 50 ഗ്രാം എന്ന് രേഖപ്പെടുത്തിയ പോപ്‌കോൺ 35 ഗ്രാം മാത്രമായിരുന്നു. ഉളിക്കൽ എസ്‌ജേസ് ജി സിനിമ തിയേറ്ററിൽ തൂക്കയന്ത്രം യഥാസമയം മുദ്ര പതിപ്പിക്കാത്തതിനും കേസെടുത്തു. മറ്റൊരു സ്ഥാപനത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും തിയേറ്ററിന് പുറത്ത് കുടിവെള്ളം ഒരുക്കാനും സിവിൽ സപ്ലൈസ് വകുപ്പ് നിർദേശം നൽകി.

കോട്ടയം ധന്യ രമ്യ തിയേറ്ററിൽ 55 ഗ്രാം പോപ്‌കോണിന് 48.6 ഗ്രാമും 40 ഗ്രാം പോപ്‌കോണിന് 34.8 ഗ്രാമുമാണ് കണ്ടെത്തിയത്. തൂക്കത്തിൽ കുറവ് വരുത്തി വിൽപ്പന നടത്തിയതിന് 5,000 രൂപ പിഴ ചുമത്തി. കുമരകത്തെ അനുപമ തിയേറ്ററിലും വെൽവെറ്റ് വ്യൂ തിയേറ്ററിലും മാനദണ്ഡങ്ങൾ പാലിക്കാത്ത അളവുപകരണങ്ങൾ ഉപയോഗിച്ചതിന് നോട്ടീസ് നൽകി.

എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, നോർത്ത് പറവൂർ, അയ്യമ്പിള്ളി, ഞാറയ്ക്കൽ എന്നിവിടങ്ങളിലെ എട്ട് തിയേറ്ററുകളിലാണ് പരിശോധന നടത്തിയത്. ആലുവ മാതാ–മാധുര്യ തിയേറ്ററിലെ ക്രമക്കേടുകൾ ഗൗരവമേറിയതായിരുന്നു. 30 രൂപയ്ക്ക് 210 മില്ലിലിറ്റർ ചായ നൽകേണ്ടിടത്ത് ലഭിച്ചത് 130 മില്ലിലിറ്റർ മാത്രം. 120 രൂപയുടെ പോപ്‌കോണിൽ 50 ഗ്രാം നൽകേണ്ടതിന് പകരം 16 ഗ്രാമും 150 രൂപയുടെ ചീസ് പോപ്‌കോണിൽ 80 ഗ്രാം നൽകേണ്ടതിന് പകരം 70 ഗ്രാമുമാണ് നൽകിയത്. അളവിൽ കുറവ് വരുത്തിയതിന് തിയേറ്ററിന് 25,000 രൂപ പിഴ ചുമത്തി. കുടിവെള്ളം എല്ലാവർക്കും കാണാവുന്ന സ്ഥലത്ത് ഒരുക്കാനും നിർദേശം നൽകി.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നാല് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചെങ്ങന്നൂർ സി സിനിമാസിൽ യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് കേസെടുത്ത് 2,000 രൂപ പിഴ ചുമത്തി. ആലപ്പുഴയിലെ റൈബാൻ സിനി ഹൗസിൽ പോപ്‌കോൺ പാക്കറ്റിന്റെ വിലവിവരത്തിൽ തൂക്കം രേഖപ്പെടുത്താത്തതിന് നോട്ടീസ് നൽകി.

കൊല്ലം ചിന്നക്കടയിലെ ഉഷ എ/സി സിനിമാ തിയേറ്ററിൽ പാക്കറ്റുകളിൽ വിവരങ്ങൾ പൂർണമായി രേഖപ്പെടുത്താത്തതിനും വിലവിവരപ്പട്ടികയിൽ ഭക്ഷ്യവസ്തുക്കളുടെ അളവ് വ്യക്തമാക്കാത്തതിനും നോട്ടീസ് നൽകി. 130 മില്ലിലിറ്റർ എന്ന് രേഖപ്പെടുത്തി വിറ്റ കോഫി അളന്നപ്പോൾ 92 മില്ലിലിറ്റർ മാത്രമാണ് കണ്ടെത്തിയത്. 38 മില്ലിലിറ്റർ കുറച്ച് നൽകിയതിന് കേസെടുത്തു. പാക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും ബിൽ നൽകാത്തതിനും ബന്ധപ്പെട്ട വകുപ്പുകളും നടപടിയെടുത്തു.

പാലക്കാട് ചുണ്ണാമ്പുത്തറയിലെ സി.എൻ.സി. സിനിമാസിൽ 65 ഗ്രാം പോപ്‌കോൺ പാക്കറ്റിൽ 25 ഗ്രാം കുറവുള്ളതായി കണ്ടെത്തി. മലപ്പുറം കോട്ടക്കൽ ലീന തിയേറ്ററിൽ 75 ഗ്രാം പോപ്‌കോണിൽ 13.48 ഗ്രാമും 40 ഗ്രാം പോപ്‌കോണിൽ 6.93 ഗ്രാമും കുറവുണ്ടായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഹെഡ് ക്യാപ് ധരിക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു.

തൃശൂർ ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലെ പരിശോധനയിൽ ഇരിങ്ങാലക്കുട ചെമ്പകശേരി സിനിമാസ്, ചാലക്കുടിയിലെ ഡി സിനിമാസ്, സുരഭി തിയേറ്റർ, ഊരകത്തെ ശിവദം തിയേറ്റർ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ത്രാസുകൾ യഥാസമയം പുനഃപരിശോധിച്ച് മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. മറ്റു ജില്ലകളിൽ നടത്തിയ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ല.

You may also like