കൊച്ചി: ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന മികവും സിനിമയോടുള്ള സമർപ്പണവും വീണ്ടും ചർച്ചയാകുന്നു. ബസൂക്ക എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടി തന്നെ അമ്പരപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റർ മഹേഷ് മാത്യു. പ്രായം പോലും മറന്ന് താരം നടത്തിയ ആക്ഷൻ പ്രകടനം കണ്ട് താൻ കൈയടിച്ചുപോയെന്നാണ് അദ്ദേഹം പറയുന്നത്.
ബോക്‌സ് ഓഫീസിൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ മഹേഷ് മാത്യു, മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഷൂട്ടിങ്ങിനിടെയുണ്ടായ മറക്കാനാകാത്ത അനുഭവമാണ് പങ്കുവെച്ചത്.
“മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി ഷൂട്ട് ചെയ്യുന്ന സിനിമയായിരുന്നു. എനിക്ക് വലിയ പേടിയുണ്ടായിരുന്നു. അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. മമ്മൂക്ക വലിയ താരമല്ലേ. എന്നാൽ അദ്ദേഹം കൂളാണെന്നും എളുപ്പത്തിൽ രംഗം ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. റോഡിലായിരുന്നു ഫൈറ്റ് രംഗം. ബൈക്ക് ചേസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞാണ് മമ്മൂക്കയെ വിളിച്ചത്. അദ്ദേഹം എത്തുമ്പോഴേക്കും എല്ലാം തയ്യാറായിരുന്നു,” മഹേഷ് മാത്യു പറഞ്ഞു.
മമ്മൂട്ടിക്ക് ചെയ്യേണ്ടിയിരുന്ന ഒരു കിക്ക് രംഗമാണ് പിന്നീട് തന്നെ ഞെട്ടിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. “മമ്മൂക്ക വന്നപ്പോൾ രംഗത്തെക്കുറിച്ച് വിശദീകരിച്ചു. ഒരു കിക്ക് ചെയ്യാനുണ്ടായിരുന്നു. അത് മമ്മൂക്കയ്ക്ക് ചെയ്യാൻ കഴിയുമോയെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് ഞാൻ തീരുമാനിച്ചു. മമ്മൂക്ക അടുത്തത് എന്താണെന്ന് ചോദിച്ചപ്പോൾ കിക്ക് ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം കൈകൊണ്ട് ‘പോ’ എന്ന് കാണിച്ചു. ഞാൻ അവിടെനിന്ന് മാറി,” മഹേഷ് മാത്യു ഓർത്തെടുത്തു.
ആക്ഷൻ പറഞ്ഞതോടെ മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെതന്നെ കിക്ക് ചെയ്തതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് അദ്ദേഹം രംഗം ചെയ്തത്. കിക്ക് കണ്ട് ഞാൻ ഞെട്ടിപ്പോയി. സൂപ്പറായിരുന്നു. അറിയാതെ കൈയടിച്ചുപോയി. ‘മാസ്റ്റർ, ഞാൻ പറഞ്ഞില്ലേ മമ്മൂക്ക ചെയ്യുമെന്ന്’ എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ആ രംഗം എനിക്ക് ഒരിക്കലും മറക്കാനാകില്ല. കഥാപാത്രത്തിലേക്ക് അദ്ദേഹം മാറുന്നത് നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു. ശരിക്കും രോമാഞ്ചമുണ്ടായി,” അദ്ദേഹം പറഞ്ഞു.
ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന തന്റെ നിർദേശം മമ്മൂട്ടി തള്ളിയതും അദ്ദേഹം ഓർത്തെടുത്തു. “ഡ്യൂപ്പിന്റെ ആവശ്യമില്ല, ഞാൻ ചെയ്യാം എന്ന് പറയുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലുയർത്തി നെഞ്ചിൽ ചവിട്ടുന്ന രംഗമായിരുന്നു അത്. ഈ പ്രായത്തിലും ഇത്രയും മികവോടെ ആക്ഷൻ ചെയ്യുന്നത് അത്ഭുതമാണ്. സിനിമയോടുള്ള സ്നേഹവും സമർപ്പണവുമാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്,” മഹേഷ് മാത്യു വ്യക്തമാക്കി.
