ദുബായ്: ആഗോള വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഇനി അമേരിക്കയിലേക്കും. ഭക്ഷ്യസംസ്കരണത്തിനും ലോജിസ്റ്റിക്സിനുമായി യുഎസിൽ ആധുനിക കേന്ദ്രങ്ങൾ തുറക്കാനാണ് ഗ്രൂപ്പിന്റെ നീക്കം. ടെക്സസിലെ ഹൂസ്റ്റണിൽ 90,000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രം സ്ഥാപിക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഓഫിസും വെയർഹൗസും ഉൾപ്പെടുന്ന രണ്ടുനില കെട്ടിടത്തിലായിരിക്കും പ്രവർത്തനം.
ഹൂസ്റ്റണിലെ ബ്രൂക്‌ഷെയറിൽ അഞ്ച് ഏക്കറിലായി ഭക്ഷ്യസംസ്കരണ–കയറ്റുമതി കേന്ദ്രവും ഒരുക്കുന്നുണ്ട്. പ്രാദേശിക കർഷകരിൽനിന്ന് ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് ശേഖരിച്ച് ലുലുവിന്റെ വിവിധ ഹൈപ്പർമാർക്കറ്റുകളിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഉൽപന്ന സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോസ് ആഞ്ചലസ്, വാഷിങ്ടൺ ഡിസി തുടങ്ങിയ നഗരങ്ങളിലും ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കും.
അമേരിക്കയിലെ വിപുലീകരണത്തിലൂടെ ആഗോള വിതരണശൃംഖല കൂടുതൽ ശക്തമാക്കാനാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. നിലവിൽ ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 25ഓളം രാജ്യങ്ങളിൽ ഗ്രൂപ്പിന് ഭക്ഷ്യസംസ്കരണ–ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുണ്ട്.
കാനഡയിലും ഓസ്ട്രേലിയയിലും അടുത്ത വർഷം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. അമേരിക്കയിലെ പുതിയ സംരംഭങ്ങൾ കൂടി യാഥാർഥ്യമാകുന്നതോടെ ഭക്ഷ്യസംസ്കരണത്തിലും അന്താരാഷ്ട്ര വിതരണത്തിലും ലുലുവിന്റെ ആഗോള ശൃംഖല കൂടുതൽ വിപുലമാകും.
