കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് കൊടിയിറക്കം. കിരീടം ആരുടെ കൈകളിലെത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശ്ശൂർ ടൈറ്റൻസിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം.
ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോൽപിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ജോസ് പെരേരയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ രോഹനും വരുണ്‍ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ സ്കോർബോർഡ് അതിവേഗം മുന്നേറി. ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 45 റൺസാണ് ക്യാപ്റ്റൻ നേടിയത്.
തുടർന്നെത്തിയ അഖിൽ സ്കറിയ നാലും ജോസ് പെരേര അഞ്ചും റൺസ് നേടി മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച അബ്ദുൾ ബാസിതും വരുണ്‍ നായനാരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ വരുണ്‍ അർധസെഞ്ച്വറിയും പൂർത്തിയാക്കി. 42 പന്തിൽ 59 റൺസാണ് വരുണ്‍ നേടിയത്.
16 ഓവർ പൂർത്തിയായതോടെ സ്കോറിങ് വേഗം കൂട്ടുന്നതിനായി വരുണിനെ പിൻവലിച്ച് കൃഷ്ണദേവനെ ഇറക്കിയ നീക്കം ഫലം കണ്ടു. രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ തുടങ്ങിയത്. നാല് സിക്സർ ഉൾപ്പെടെ 26 റൺസാണ് കൃഷ്ണദേവനും അബ്ദുൾ ബാസിതും ചേർന്ന് ആ ഓവറിൽ നേടിയത്. 17 പന്തിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു.
24 പന്തിൽ ആറ് സിക്സർ ഉൾപ്പെടെ 53 റൺസെടുത്ത അബ്ദുൾ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകളും എത്തിയതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തിൽ 19 റൺസും കൃഷ്ണദേവൻ 11 പന്തിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിക്കായി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്ക് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമായി. അഖിൻ സത്താറിന്റെ പന്തിൽ ഹരികൃഷ്ണൻ എടുത്ത മികച്ച ക്യാച്ചിലൂടെയാണ് നാല് റൺസെടുത്ത അസറുദ്ദീൻ പുറത്തായത്. രണ്ടാം ഓവറിൽ ആകാശ് പിള്ളയും രണ്ട് റൺസെടുത്ത് മടങ്ങി.
എന്നാൽ തുടക്കത്തിലെ തിരിച്ചടിയിൽ പതറാതെ സച്ചിൻ ബേബിയും കെ. എ. അരുണും ബാറ്റ് വീശി. അരുണ്‍ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ സച്ചിൻ ബേബി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് പത്താം ഓവറിൽ തന്നെ സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ 152 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ജോസ് പെരേര എറിഞ്ഞ 17-ാം ഓവറാണ് മത്സരത്തിൽ നിർണായകമായത്. ഓവറിലെ മൂന്നാം പന്തിൽ സച്ചിൻ ബേബി സൽമാൻ നിസാറിന് ക്യാച്ച് നൽകി മടങ്ങി. 46 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും ഉൾപ്പെടെ 73 റൺസാണ് സച്ചിൻ നേടിയത്. തൊട്ടടുത്ത പന്തിൽ സിബിൻ ഗിരീഷും പുറത്തായി.
അടുത്ത ഓവറിൽ കെ. എ. അരുണും പുറത്തായതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. 46 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും ഉൾപ്പെടെ 82 റൺസാണ് അരുണ്‍ നേടിയത്. ഒടുവിൽ 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെന്ന നിലയിൽ ആലപ്പിയുടെ ഇന്നിങ്സ് അവസാനിച്ചു.
കാലിക്കറ്റിനായി നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോസ് പെരേരയാണ് ബൗളിങ്ങിൽ തിളങ്ങിയത്. അഖിൽ സ്കറിയയും ഇബ്നുൾ അഫ്താബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
