Home Keralaപദവിയുടെ മഹത്വം മറക്കുന്നു; അധ്യാപക ദിനത്തിൽ വിസിമാർക്കെതിരെ റോജി എം. ജോണിന്റെ വിമർശനം

പദവിയുടെ മഹത്വം മറക്കുന്നു; അധ്യാപക ദിനത്തിൽ വിസിമാർക്കെതിരെ റോജി എം. ജോണിന്റെ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തങ്ങൾ വഹിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെയാണ് ഇത്തരം പ്രവണതകൾ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്രചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും കേന്ദ്രങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, തങ്ങൾ ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്ന് റോജി എം. ജോൺ കുറിച്ചു. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രത്യേകാവകാശം ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ മുതൽ രവീന്ദ്രനാഥ ടാഗോർ, എ.പി.ജെ. അബ്ദുൾ കലാം, സുകുമാർ അഴീക്കോട്, ഒ.എൻ.വി., എം.ജി.എസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ അധ്യാപകരെയും ചിന്തകരെയും റോജി എം. ജോൺ അനുസ്മരിച്ചു. തലമുറകൾക്ക് സ്വപ്നം കാണാനും ചോദ്യം ചെയ്യാനും തിരുത്താനും മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ധൈര്യം പകർന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്റ്റാഫ് റൂമിനുള്ളിൽ വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവർ അധ്യാപനത്തിന്റെ യഥാർഥ അന്തസത്ത തിരിച്ചറിയാത്തവരാണെന്നും മന്ത്രി വിമർശിച്ചു. മാനവികതയുള്ള മനുഷ്യരെ വാർത്തെടുക്കുക എന്നതാണ് അധ്യാപനത്തിന്റെ ഉത്തരവാദിത്വമെന്നും വിവേചനമില്ലാതെ തലമുറകളെ ചേർത്തുപിടിക്കാനുള്ള സാമൂഹിക ബാധ്യത ഓരോ അധ്യാപകനുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അറിവിലൂടെ ഇരുട്ടകറ്റുകയും ഭരണഘടനാ മൂല്യങ്ങളെയും മാനവികതയെയും ഹൃദയത്തോട് ചേർക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ നേർന്നാണ് റോജി എം. ജോൺ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

You may also like