കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നുവെന്നും കേരളത്തിലെ കുടുംബങ്ങളിൽ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലായിരുന്നു പി. ജയരാജന്റെ പ്രതികരണം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തിൽ ഘോഷയാത്രകൾ നടന്നിരുന്നുവെന്നും എന്നാൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചതെന്നും ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടരുകയാണെന്നും പി. ജയരാജൻ ആരോപിച്ചു.
നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായന്മാർ ഉൾപ്പെടെയുള്ളവർക്ക് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ മതേതര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ‘മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക്’ എന്ന പേരിലായിരുന്നു ഘോഷയാത്ര നടന്നത്.
