തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് (യു.വി.) രശ്മികളുടെ തോതും ഉയരുന്നു. സെപ്റ്റംബർ 6 മുതൽ 8 വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പുനലൂരിലാണ് ശനിയാഴ്ച ഉയർന്ന താപനില രേഖപ്പെടുത്തിയത്—36.2 ഡിഗ്രി സെൽഷ്യസ്. സാധാരണയെക്കാൾ 4.7 ഡിഗ്രി കൂടുതലാണിത്. പലയിടങ്ങളിലും രണ്ട് ഡിഗ്രിയോളം താപനില ഉയർന്നിട്ടുണ്ട്. യു.വി. ഇൻഡക്സ് 7 മുതൽ 8 വരെയായി.
സൂപ്പർ എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴമേഘങ്ങൾ കുറയുന്നതും സൂര്യരശ്മികൾ ലംബമായി പതിക്കുന്നതും ചൂട് വർധിക്കാൻ കാരണമാകുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ ഒഴിവാക്കുന്നതാണ് ഉചിതം. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ORS, സംഭാരം എന്നിവ ഉപയോഗിക്കുകയും ചെയ്യാം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. കാട്ടുതീ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്നുള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കുകയും വനംവകുപ്പ് നിർദേശങ്ങൾ അനുസരിക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. വിദ്യാർഥികൾക്ക് നേരിട്ട് വെയിൽ ഏൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ വേണം. അംഗൻവാടി കുട്ടികൾക്കും പ്രത്യേക സംരക്ഷണം ഉറപ്പാക്കണം.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമവും വെള്ളവും ഉറപ്പാക്കുകയും വേണം. മാധ്യമപ്രവർത്തകരും പോലീസും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.
പൊതുപരിപാടികളിൽ തണലും കുടിവെള്ളവും ഉറപ്പാക്കണം. യാത്രക്കാർ വെള്ളം കരുതുകയും ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുകയും വേണം. ഉച്ചവെയിലിൽ കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും പുറത്തിടരുത്. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കുകയും മഴ ലഭിക്കുമ്പോൾ പരമാവധി സംഭരിക്കുകയും വേണം. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശമുണ്ട്.
