തൃശൂർ: കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് ദമ്പതികളും മകനും മരിച്ച കേസിൽ ഒളിവിലായിരുന്ന കാർ ഡ്രൈവർ ആർത്താറ്റ് സ്വദേശി എബി കെ. (31) അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് എബിയെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മദ്യലഹരിയിൽ കാർ ഓടിച്ചതാണ് വൻ അപകടത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ നാല് പേർക്കെതിരെയും നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒളിവിലായിരുന്ന എബിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ശനിയാഴ്ച രാത്രി ആർത്താറ്റ് കുറുക്കൻപാറയിലുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികരായ മൂന്നുപേരും ചാവക്കാട് എടക്കഴിയൂർ സ്വദേശികളായിരുന്നു.
ജനങ്ങളുടെ ആക്രമണം ഭയന്ന് പ്രതികളെ അതീവ രഹസ്യമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
