പത്തനംതിട്ട: അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ ചുമത്തിയ 50,000 രൂപ പിഴ ഹൈക്കോടതി അഭിഭാഷകർ നൽകി. വാഹന ഉടമകളായ അമലിനും ആർദ്രയ്ക്കുമാണ് തുക കൈമാറിയത്. വാഹന ഉടമകൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്ന ആറന്മുള എംഎൽഎ അബിൻ വർക്കി വിഷയത്തിലെ തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തു.
പ്രളയരക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് ചുമത്തിയ 50,000 രൂപ ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അഡ്വ. അരുൺ എസ്. നായർ തുക അമലിനും ആർദ്രയ്ക്കും കൈമാറിയതായി അബിൻ വർക്കി അറിയിച്ചു.
അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ എംവിഡി പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ തന്നെ അബിൻ വർക്കി നിലപാട് വ്യക്തമാക്കിയിരുന്നു. ജീപ്പിന് പിഴയിട്ടതിനെതിരെ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെ വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വാഹനത്തിന് കൂടുതൽ പിഴ ചുമത്താൻ ഉത്തരവിട്ടതോടെ അബിൻ വർക്കിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയത്.
ആറന്മുളയിൽ വെള്ളം കയറിയപ്പോൾ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വാഹനവുമായി എത്തിയാൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ താൻ ഉണ്ടാകുമെന്ന് അബിൻ വർക്കി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ആരൊക്കെ വിമർശിച്ചാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുള കഴുത്തറ്റം വെള്ളത്തിൽ മുങ്ങി സാധാരണക്കാർ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടന്നപ്പോൾ ജനങ്ങളെ രക്ഷിക്കാൻ സ്വയം സന്നദ്ധരായി രംഗത്തിറങ്ങിയവരാണ് വാഹന ഉടമയായ അമലും ഭാര്യ ആർദ്രയും എന്ന് എംഎൽഎ പറഞ്ഞു. ഇവരുടെ ജീപ്പിൽ ആറന്മുള ക്ഷേത്ര പരിസരത്തുനിന്ന് നിരവധി പേരെ രക്ഷിച്ചിരുന്നു.
ജില്ലയിൽ വെള്ളം കയറാത്തതും ജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്നതുമായ ഏക ടൗൺ അടൂരായിരുന്നു. അമലും ആർദ്രയും അവിടെ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് എംവിഡി വാഹനം പരിശോധിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
പ്രളയരക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനായ ഒരാൾക്ക് പ്രശ്‌നമുണ്ടായാൽ അത് പരിശോധിക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
