തൃശ്ശൂർ: മാനവികത പിന്നാക്കം പോവുകയും സാങ്കേതികവിദ്യയ്ക്ക് മനുഷ്യർ കീഴടങ്ങുകയും ചെയ്യുന്ന വർത്തമാനകാലത്ത്, സ്വന്തം അനുഭവ സമ്പത്തും അറിവും പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ വയോജനങ്ങൾ മുന്നോട്ടുവരണമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. തൃശ്ശൂർ എൻ.ജി.ഒ യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്ത വ്യവസ്ഥിതി തങ്ങളുടെ നിലനിൽപ്പിനായി ഫാസിസവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ചടങ്ങിൽ കുറ്റപ്പെടുത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എ. റാപ്പായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇ.സി. പത്മരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അലി അക്ബർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.വി. ബാലൻ, ജില്ലാ ട്രഷറർ വി.ഇ. സെബാസ്റ്റ്യൻ, വനിതാ കൺവീനർമാരായ സെലിന കെ.പി., സഫിയ കെ.കെ., ജോയിന്റ് സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ, രാജു കമ്പനിക്കൽ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
