Home Kerala‘ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി

‘ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി

by news_desk1
0 comments

കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ് അയച്ച് യുവതി. നീന്തൽക്കുളത്തിൽവച്ച് തന്നെ ബലമായി പിടിച്ചുവെന്നും സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് ഉറപ്പുണ്ടെന്നും യുവതി ആരോപിച്ചു. ഖേദം പ്രകടിപ്പിച്ച് മാപ്പുപറയണമെന്നും ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം നടന്ന ഉടൻ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ വിശദീകരണമെന്ന് യുവതി പറയുന്നു. പിന്നീട് ഭർത്താവ് വിഷയം ഉന്നയിച്ചപ്പോഴും കൈ അബദ്ധത്തിൽ തട്ടിയതാണെന്ന നിലപാടാണ് ബാലു സ്വീകരിച്ചതെന്നും യുവതി ആരോപിച്ചു. തന്റെ അനുഭവം മറ്റ് സ്ത്രീകളുമായി പങ്കുവച്ചപ്പോഴാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലായതെന്നും ഇതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായെന്ന ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വിസമ്മതിച്ചിട്ടും ബാലു പിന്മാറിയില്ലെന്നും ‘തനിക്ക് ഭയമാണോ’ എന്ന് ചോദിച്ച് കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് മറ്റൊരു യുവതിയുടെ ആരോപണം. പൊതുസ്ഥലങ്ങളിൽവച്ചാണ് ഇത്തരം അനുഭവങ്ങളുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആരോപണങ്ങളിൽ ബാലു വർഗീസിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like