കൊച്ചി: ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നുവീഴുന്ന സിമന്റ് പാളികളും സുരക്ഷാ ആശങ്കകളും; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണവിവാദം കൂടുതൽ ഗുരുതരമാകുന്നു. നിർമാണരീതി, കരാർ നൽകൽ, സാമ്പത്തിക ഇടപാടുകൾ, മേൽനോട്ടം എന്നിവയിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ജിസിഡിഎ ഓഡിറ്റ് റിപ്പോർട്ട്. കരാർ വ്യവസ്ഥകളിലും സാമ്പത്തിക തീരുമാനങ്ങളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് ഓഡിറ്റ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
ഫ്ലാറ്റ് സമുച്ചയത്തിൽ സിമന്റ് പാളികൾ അടർന്നുവീഴുന്നതും മഴക്കാലത്ത് വെള്ളം ചോർന്നൊലിക്കുന്നതും നിർമാണത്തിലെ പ്രധാന വീഴ്ചകളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡെക്ക് ഷീറ്റും കോൺക്രീറ്റും ചേരുന്ന ഭാഗങ്ങളിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വ്യക്തമായത്. പ്രശ്നം പരിഹരിക്കാൻ പല ഘട്ടങ്ങളിലായി വ്യത്യസ്ത നിർദേശങ്ങൾ നൽകിയെങ്കിലും സ്ഥിരമായ പരിഹാരമുണ്ടായില്ല. ആദ്യം സിക്ക ഉപയോഗിക്കാനായിരുന്നു നിർദേശം. പിന്നീട് ഷേഡ് സ്ഥാപിക്കാനും തുടർന്ന് ഫൈബർ വാട്ടർപ്രൂഫിങ് നടത്താനും നിർദേശിച്ചു. കെട്ടിടത്തിന്റെ രൂപകൽപ്പനയിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് നിർമാണ കരാറുകാരായ ടിഡിഎൽസിസിഎസ് പ്രതിനിധി വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക ഇടപാടുകളിലും ഗുരുതര വീഴ്ചകളുണ്ടായെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. ജിസിഡിഎ ചെയർമാന്റെ നിർദേശപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഇസാഫ് ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ച് 2.44 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി നൽകി. സെക്രട്ടറിയുടെ നിർദേശം മറികടന്നുള്ള ഈ നടപടിയിലൂടെ ജിസിഡിഎയ്ക്ക് വലിയ പലിശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിലെ വിമർശനം.
നിർമാണ ഏജൻസിയെ രേഖകളിൽ വിശേഷിപ്പിച്ച രീതിയും ഓഡിറ്റ് ചോദ്യം ചെയ്യുന്നു. അക്രഡിറ്റഡ് ഏജൻസി എന്ന നിലയിലാണ് ടിഡിഎൽസിസിഎസിന് നിർമാണാനുമതിയും ഇളവുകളും നൽകിയതെങ്കിലും പിന്നീട് രേഖകളിൽ കമ്പനിയെ ‘നിർമാണ ഏജൻസി’ എന്ന രീതിയിൽ മാറ്റിയെഴുതിയെന്നാണ് കണ്ടെത്തൽ. ഭാവിയിൽ നിയമപ്രശ്നങ്ങളുണ്ടായാൽ ജിസിഡിഎയ്ക്ക് തിരിച്ചടിയാകാവുന്ന വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിമൂലം പ്രവൃത്തി തുടരാനാകില്ലെന്ന് കമ്പനി അറിയിച്ച സാഹചര്യവും ഓഡിറ്റ് ഗൗരവത്തോടെ പരിശോധിക്കുന്നു. കമ്പനിയുടെ സാമ്പത്തികശേഷി വിലയിരുത്തിയ ശേഷമാണോ നിർമാണച്ചുമതല നൽകിയതെന്ന ചോദ്യമാണ് റിപ്പോർട്ട് ഉയർത്തുന്നത്. ബാങ്ക് ഗ്യാരന്റി വാങ്ങാതിരുന്നതിന്റെ കാരണവും വ്യക്തമല്ല. കമ്പനിയുടെ മുൻകാല പ്രവൃത്തികൾ പരിശോധിക്കാതെ തിടുക്കത്തിൽ കരാർ നൽകിയതെന്തിനെന്നും നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടും കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാതിരുന്നതെന്തിനെന്നും റിപ്പോർട്ട് ചോദിക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽനിന്ന് ലൈഫ് മിഷൻ പിന്മാറി, മുഴുവൻ ഉത്തരവാദിത്തവും ജിസിഡിഎയുടെ മേൽ ചുമത്തിയതായും ഓഡിറ്റ് ആരോപിക്കുന്നു. ഇത് നിലവിലുള്ള ത്രികക്ഷി കരാറിന്റെ ലംഘനമാണെന്നാണ് വിലയിരുത്തൽ. അനുമതിയില്ലാതെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയതും കരാറുകാരന്റെ ആവശ്യപ്രകാരം പൈലിങ് രീതി മാറ്റിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങളിൽ വിദഗ്ധരുണ്ടായിരിക്കെ, പുറത്തുനിന്നുള്ള വിരമിച്ച ഉദ്യോഗസ്ഥനോട് പരിഹാരമാർഗം തേടിയതും ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം നൽകിയ നിർദേശം പിന്നീട് മറ്റൊരു വിദഗ്ധാഭിപ്രായം ലഭിച്ചതോടെ ഉപേക്ഷിച്ചതായും റിപ്പോർട്ടിലുണ്ട്.
സ്വന്തം പദ്ധതിയിലെ ഗുരുതര വീഴ്ചകൾ പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ, മറ്റു സംസ്ഥാനങ്ങളിലെ വികസന പദ്ധതികൾക്ക് കൺസൾട്ടന്റായി പ്രവർത്തിക്കാൻ ജിസിഡിഎ അനുമതി തേടിയതും സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. നിർമാണത്തിലെ അപാകതകൾക്കും സാമ്പത്തിക തീരുമാനങ്ങൾക്കും ഉത്തരവാദികൾ ആരെന്നതും വീഴ്ചകൾ പരിഹരിക്കാൻ എന്ത് നടപടിയെടുക്കുമെന്നതും ഇനി നിർണായകമാകും.
