ദില്ലി: തിഹാർ ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് വീണ്ടും പൊലീസ് നടപടി. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സൗരവ് ദാസ്, അശുതോഷ് രാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി ക്രൈംബ്രാഞ്ച് നിർദേശിച്ചു. ജനതാദൾ യുണൈറ്റഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് ഉച്ചയ്ക്ക് 12ന് രാജ്ഗോരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് മൂന്ന് നേതാക്കൾക്കും സമൻസ് അയച്ചിരിക്കുന്നത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഒക്ടോബർ 13നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപത്താണ് പരാതിക്കാരായ ജനതാദൾ യുണൈറ്റഡിന്റെ ഓഫീസും.
ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയതിന്റെയും അരലക്ഷം രൂപയുടെ ബോണ്ട് സമർപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സൗരവ് ദാസിനും അശുതോഷ് രാങ്കയ്ക്കും ഇന്നലെ ദില്ലിയിലെ പ്രത്യേക മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിൽ തടവിലായിരുന്ന ഇരുവരും രാത്രിയോടെയാണ് പുറത്തിറങ്ങിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ജയിൽമോചിതരായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് ലഭിച്ചതോടെ നേതാക്കൾക്ക് വീണ്ടും നിയമനടപടികൾ നേരിടേണ്ടിവന്നിരിക്കുകയാണ്. ജാമ്യം ലഭിച്ചെങ്കിലും കേസിലെ അന്വേഷണം തുടരുകയാണ്.
