Home Nationalആദ്യം ലക്ഷ്യം സൽമാൻ ഖാൻ; സുരക്ഷ കണ്ട് പിന്മാറി ബിഷ്‌ണോയ് സംഘം

ആദ്യം ലക്ഷ്യം സൽമാൻ ഖാൻ; സുരക്ഷ കണ്ട് പിന്മാറി ബിഷ്‌ണോയ് സംഘം

by news_desk1
0 comments

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിനെതിരായ വെടിവെപ്പിനു പിന്നിൽ സൽമാൻ ഖാനെ ലക്ഷ്യമിട്ടുള്ള നീക്കമുണ്ടായിരുന്നുവെന്ന് മുംബൈ പൊലീസിന്റെ നിഗമനം. സൽമാൻ ഖാന്റെ വീടിന് ചുറ്റുമുള്ള കനത്ത സുരക്ഷ കണ്ട് ആക്രമണപദ്ധതി ഉപേക്ഷിച്ച സംഘം പിന്നീട് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന നാലുപേരെക്കൂടി ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു.

സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിൽ രണ്ടുപേർ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ അവിടത്തെ കർശന സുരക്ഷാ ക്രമീകരണങ്ങൾ കണ്ട് നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ താരതമ്യേന കുറവാണെന്ന് കരുതിയ ടൈഗർ ഷ്‌റോഫിനെ സംഘം ലക്ഷ്യമിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ടൈഗർ ഷ്‌റോഫ് എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം സംഘം മനസ്സിലാക്കിയതായും പൊലീസ് സംശയിക്കുന്നു. താരത്തിന്റെ പതിവുകൾ നിരീക്ഷിച്ച ശേഷമാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെയും ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഹരിയാനയിലെ സോണിപത്തിൽനിന്നാണ് കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ലോറൻസ് ബിഷ്‌ണോയ് സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറാൻ അറസ്റ്റിലായ സ്ത്രീകളെ നിയോഗിച്ചിരുന്നുവെന്നും ഇവർ ഹരിയാനയിൽനിന്ന് ആയുധങ്ങളുമായി മുംബൈയിലേക്ക് പോയിരുന്നുവെന്നും അന്വേഷണസംഘം കരുതുന്നു. നാലുപേരെയും കോടതിയിൽ ഹാജരാക്കി.

ഇതിനുമുമ്പ് വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ സോണിപത്തിൽ ഈദ്ഗായിൽ താമസിക്കുന്ന റെഹാൻ എന്ന സുക്ക (18), ബിഹാറിലെ ബെഗുസാരായിയിലെ പിപ്രാഹി സ്വദേശിയായ ഹൃതിക് കുർമി എന്ന റോഷൻ ഫൈറ്റർ (22), രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഫൂൽ സിങ് (18) എന്നിവരെയാണ് ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറുന്നതിനിടെ പിടികൂടിയത്.

1998ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനും ലോറൻസ് ബിഷ്‌ണോയ് സംഘവും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി പറയപ്പെടുന്നത്. കൃഷ്ണമൃഗങ്ങളെ പവിത്രമായി കാണുന്ന ബിഷ്‌ണോയ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സൽമാൻ ഖാനെതിരെ സംഘം വധഭീഷണി മുഴക്കിയിട്ടുള്ളത്.

You may also like