Home Keralaവാൽപ്പാറയിൽ കനത്ത മഴ; റോഡിലേക്ക് കൂറ്റൻ പാറകൾ പതിച്ചു, പൊള്ളാച്ചി–മലക്കപ്പാറ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

വാൽപ്പാറയിൽ കനത്ത മഴ; റോഡിലേക്ക് കൂറ്റൻ പാറകൾ പതിച്ചു, പൊള്ളാച്ചി–മലക്കപ്പാറ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

by news_desk1
0 comments

തൃശൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ശക്തമായ മഴയെ തുടർന്ന് പൊള്ളാച്ചി–വാൽപ്പാറ റോഡിലേക്ക് കൂറ്റൻ പാറകൾ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നും രണ്ടും ഹെയർപിൻ വളവുകൾക്ക് സമീപമാണ് റോഡിന്റെ ഒരുവശം തകർന്നത്. പാറകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടർന്നാണ് റോഡിലേക്ക് വലിയ പാറകൾ പതിച്ചത്. ഗതാഗതം തടസ്സപ്പെട്ടതോടെ ഈ വഴി യാത്ര ചെയ്യുന്നവർക്ക് തൃശൂർ–ചാലക്കുടി പാതയിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. പാറകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അതേസമയം, കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണം.

You may also like