മധുരൈ: കണ്ണിന് മുകളിൽ വീക്കം; വിശദമായ പരിശോധനയും സി.ടി സ്കാനും നടത്തിയപ്പോൾ കണ്ടെത്തിയത് പല്ലിന്റെ സാന്നിധ്യം! തമിഴ്‌നാട്ടിലെ 16കാരനിലാണ് അപൂർവമായ ഈ ശാരീരികാവസ്ഥ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തതായി മധുരൈയിലെ അരവിന്ദ് ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചു. കണ്ണിന്റെ കുഴിയുടെ മുകൾഭാഗത്ത് പല്ല് കണ്ടെത്തുന്നത് ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അപൂർവ സംഭവമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇടത് കണ്ണിന്റെ മുകളിലെ കൺപോളയിൽ ഒരു മാസത്തോളം നീണ്ടുനിന്ന വീക്കത്തെ തുടർന്നാണ് കൗമാരക്കാരൻ ചികിത്സ തേടിയത്. പിന്നീട് കൺപോളയ്ക്കും പുരികത്തിനും ഇടയിലുള്ള ഭാഗത്ത് വെളുത്ത നിറത്തിലുള്ള, കട്ടിയുള്ള രണ്ട് മുളകൾ പുറത്തേക്ക് തള്ളിവരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലും സി.ടി സ്കാനിലുമാണ് കണ്ണിന്റെ കുഴിയുടെ മുകൾഭാഗത്ത് പല്ലിന്റെ ആകൃതിയിലുള്ള ഘടന കണ്ടെത്തിയത്.
സാധാരണയായി വായിൽ വളരേണ്ട പല്ലുകൾ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ വളരുന്ന അവസ്ഥയെ ‘എക്ടോപിക് ടൂത്ത്’ എന്നാണ് വിളിക്കുന്നത്. മൂക്കിനുള്ളിലും വായുടെ മേൽത്തട്ടിലുമെല്ലാം ഇത്തരത്തിൽ പല്ലുകൾ വളരുന്ന സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കണ്ണിന്റെ കുഴിയുടെ മുകൾഭാഗത്ത് പല്ല് കണ്ടെത്തുന്നത് അത്യപൂർവമാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
പരിശോധനയിൽ കണ്ടെത്തിയത് പൂർണമായി വളർന്ന ഒരു പല്ലാണെന്നും ട്യൂമറുമായി ബന്ധപ്പെട്ട അസാധാരണ കോശങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. തലയോട്ടിയുടെ മറ്റ് ഭാഗങ്ങളിലും അധിക പല്ലുകൾ വളർന്നതായി കണ്ടെത്തിയില്ല. തുടർന്ന് ശസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തു.
കണ്ണിന് മുകളിൽ പല്ല് വളരാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ജനിതക പ്രശ്നങ്ങൾ, ശരീരവളർച്ചയിലെ അസാധാരണതകൾ, പരിക്കുകൾ എന്നിവ ചില സാഹചര്യങ്ങളിൽ പല്ലുകൾ അസാധാരണ ഇടങ്ങളിൽ വളരാൻ കാരണമാകാമെങ്കിലും ഈ കുട്ടിയുടെ കാര്യത്തിൽ അത്തരം കാരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
