കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും നടപടി കടുപ്പിക്കാൻ സർക്കാർ നീക്കമെന്ന് സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന കെഎസ്യുവിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നതും ഗൺമാനെ സസ്പെൻഡ് ചെയ്യുന്നതും ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നതായാണ് വിവരം.
വീണാ ജോർജിനെതിരെ കെഎസ്യു നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകർ തന്നെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന തരത്തിൽ വ്യാജമൊഴി നൽകിയെന്നും ഗൺമാനെക്കൊണ്ട് അത്തരമൊരു മൊഴി നൽകിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. കേസിലെ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
വിവാദത്തിന് പുതിയ വഴിത്തിരിവായത് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയതായി പറയുന്ന മൊഴിയാണ്. കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന തരത്തിൽ റെയിൽവേ പൊലീസിന് മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്നും അഭിലാഷ് പറഞ്ഞതായാണ് വിവരം. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
മുൻ സർക്കാരിന്റെ കാലത്ത് ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച സംഭവമാണിത്. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
ഈ വർഷം ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെയായിരുന്നു കേസ്. തുടക്കത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പുകൾ ഒഴിവാക്കി.
മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിലെ ആരോപണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
