കൊൽക്കത്ത: ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ചോർബാഗനിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തത്തിൽ 25 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് സ്വമേധയാ കേസെടുത്തു. ക്രമസമാധാന നില ഉറപ്പാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദുർഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, പന്തൽ നിർമിച്ച ബിപ്ലബ് മുഖർജി, തിരക്ക് നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സ്വകാര്യ സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരായ സുമൻ ചക്രബർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് 7.40ഓടെയാണ് വടക്കൻ കൊൽക്കത്തയിലെ ചോർബാഗനിലുള്ള സർബോജനീൻ ദുർഗാപൂജ പന്തലിൽ ദുരന്തമുണ്ടായത്. നവരാത്രിയുടെ ഏഴാം ദിവസത്തെ ആഘോഷത്തിനിടെ കനത്ത മഴ പെയ്തതോടെ പന്തലിൽ തിക്കും തിരക്കുമുണ്ടായെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്. ഫൊറൻസിക്, എസ്.ടി.എഫ്., അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു.
സംഘാടകർ മൈക്കിലൂടെ നടത്തിയ അനൗൺസ്മെന്റാണ് തിരക്ക് വർധിക്കാൻ കാരണമായതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വകാര്യ സുരക്ഷാ ജീവനക്കാർ വിസിൽ മുഴക്കിയതിനെത്തുടർന്നാണ് ആളുകൾ പരിഭ്രാന്തരായി തിരക്കുകൂട്ടിയതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, സംഘാടകർ നടത്തിയ അനൗൺസ്മെന്റിൽ എന്താണ് പറഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ദുർഗാപൂജാ സംഘാടകർ മതിയായ വെളിച്ചവും സുരക്ഷിതമായ പ്രവേശന–പുറത്തുകടക്കൽ കവാടങ്ങളും ഉറപ്പാക്കണമെന്ന് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ദുർഗാപൂജാ പരിപാടികളിൽ പങ്കെടുക്കാൻ ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ദുരന്തത്തെത്തുടർന്ന് അമിത് ഷാ പങ്കെടുക്കാനിരുന്ന പരിപാടിയുൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
