കണ്ണൂർ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രയ്ക്കായി ഭൂമി ഏറ്റെടുത്ത നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ. കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തതെന്നും കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് പ്രത്യേക വിഷമമെന്നും അദ്ദേഹം ചോദിച്ചു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേയെന്നും ഒരു സർക്കാരിന് ചേരാത്ത വിധത്തിൽ ആരോപണങ്ങൾ ഉന്നയിക്കാമോയെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാട്ടിൽ വികസനം നടപ്പാക്കിയില്ലേയെന്നും യുഡിഎഫ് സർക്കാർ ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും സമീപമാണ് ഇപ്പോൾ വികസനസാധ്യതകൾ കൂടുതലുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ പരിശോധിച്ചാൽ കണ്ണൂർ വിമാനത്താവളത്തിനു സമീപമാണ് കൂടുതൽ ഭൂമി ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ, നടപടിയെ ഇപ്പോൾ തെറ്റായി ചിത്രീകരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് അഞ്ചിരട്ടി ചെലവഴിച്ചെന്ന ആരോപണങ്ങൾക്കും ശക്തമായ മറുപടി നൽകേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു. കിഫ്ബിയുടെ മേശവലിപ്പിൽനിന്നല്ല പണം നൽകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ തെറ്റായ വാദങ്ങൾ ഉന്നയിച്ചിട്ടും നിഷ്പക്ഷ മാധ്യമങ്ങൾ ചോദ്യം ചെയ്തില്ലെന്ന് പിണറായി വിമർശിച്ചു. ഭൂമി ഏറ്റെടുക്കലിന് പ്രത്യേക ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരുന്നു. ഇന്നത്തെയോ നാളത്തെയോ ആവശ്യങ്ങൾ മാത്രമല്ല, വരുംവർഷങ്ങളിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ താൽപര്യത്തിനനുസരിച്ചാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയതെന്നും പിണറായി ആരോപിച്ചു.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ചും അദ്ദേഹം യോഗത്തിൽ പ്രതികരിച്ചു. തിരിച്ചടിക്കുശേഷം സിപിഎം തകരുകയാണെന്ന പ്രചാരണം നടത്തി വലതുപക്ഷം ആഘോഷിച്ചെങ്കിലും വിജയത്തിൽ മതിമറക്കുകയോ പരാജയത്തിൽ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല പാർട്ടിയുടേതെന്ന് പിണറായി പറഞ്ഞു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുന്നതിലാണ് പാർട്ടി ശ്രദ്ധിക്കുന്നത്. തിരിച്ചടി വലുതായിരുന്നെങ്കിലും അതിനെ മറികടക്കാനാകുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
