ന്യൂഡൽഹി: ഡൽഹി പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് അവ്യക്തവും വസ്തുതാപരമായി തെറ്റുള്ളതുമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ നേഹ, നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ന്യൂഡൽഹി ജില്ലാ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്നാണ് പൊലീസ് നോട്ടീസിലെ നിർദേശം. അന്വേഷണകാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നോട്ടീസ് പ്രഥമദൃഷ്ട്യാ അവ്യക്തവും വസ്തുതാപരമായി തെറ്റുള്ളതുമാണെന്നും ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളെ ബാധിക്കുന്നതാണെന്നും ഐസ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഭിക് ചിമ്നി, പ്രഞ്ജൽ അബ്രോൾ, മോക്ഷ തുടങ്ങിയവർ ഉൾപ്പെട്ട നിയമസംഘം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സമീപിക്കുന്നുണ്ട്. ഇതേ അഭിഭാഷകസംഘമാണ് നേഹയ്ക്കുവേണ്ടി സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാകുന്നത്.
ഒക്ടോബർ 16ന് കസ്റ്റഡിയിൽനിന്ന് മോചിതയായതു മുതൽ ഡൽഹി പൊലീസ് നേഹയെ പിന്തുടരുകയാണെന്നാണ് ഐസയുടെ ആരോപണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ തടയുകയാണ് നോട്ടീസിന്റെ ലക്ഷ്യമെന്നും വിദ്യാർഥി സംഘടന കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ പൊലീസിന്റെയും വലതുപക്ഷ സംഘടനകളുടെയും അതിക്രമം നേരിട്ടതായി ഐസ ആരോപിക്കുന്നു. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ വൻതോതിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചെന്നും ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചെന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടെന്നും സംഘടന പറയുന്നു.
സമാധാനപരമായി പ്രതിഷേധിക്കുന്നവർ പൊതുസമാധാനം തകർക്കുന്നുവെന്ന് പൊലീസ് ആരോപിക്കുന്നത് വിരോധാഭാസമാണെന്ന് ഐസ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം 40,000ത്തിലധികം അർധസൈനികരെ വിന്യസിച്ചെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 163-ാം വകുപ്പ് ആവർത്തിച്ച് നടപ്പാക്കിയെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വലതുപക്ഷ സംഘടനകൾ ലക്ഷ്യമിടാൻ അനുവദിച്ചെന്നും സംഘടന ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താനാണ് ഈ നടപടികളെല്ലാം സ്വീകരിച്ചതെന്നും നിയമവിരുദ്ധമായ നടപടികളിലൂടെ ഡൽഹി പൊലീസാണ് യഥാർഥത്തിൽ പൊതുസമാധാനം തകർത്തതെന്നുമാണ് ഐസയുടെ നിലപാട്.
