തിരുവല്ല: മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കൈപ്പത്തിയില്ലാത്ത നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹത നീങ്ങിയത് എട്ടുവയസ്സുകാരന്റെ മൊഴിയിലൂടെ. സ്വന്തം അനുജത്തിയെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ (45) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന മഞ്ജുവിന്റെ സുഹൃത്ത് ശിവനും ഇയാളുടെ സഹോദരൻ ശക്തിയും ഒളിവിലാണ്.
2023 ഓഗസ്റ്റ് 12നാണ് തിരുവല്ല വളഞ്ഞവട്ടത്ത് പള്ളിയോട് ചേർന്നുള്ള ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തിയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിനെ കാണാതായതായി ആരും പരാതി നൽകാതിരുന്നതിനാൽ കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
പാലക്കാട് കന്നിമാരി മീൻകര ചെമ്മണാമ്പതി സ്വദേശിയും ഇസക്കിയുടെ ഭാര്യയുമായ മഞ്ജു, മീനാക്ഷിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മീൻകട ഡാമിന് സമീപമുള്ള ചെമ്മണ്ണത്തോട് എസ്.ടി. കോളനിയിൽ പ്രമോട്ടറായി പ്രവർത്തിച്ചിരുന്നു. നാടോടി കുടുംബത്തിൽപ്പെട്ട മഞ്ജു ഭർത്താവുമായി അകന്നതോടെ കുഞ്ഞുമായി നാടുവിട്ടു. ആലപ്പുഴയിൽവച്ചാണ് നാടോടിയായ ശിവനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ചങ്ങനാശ്ശേരിയിലെ കടത്തിണ്ണകളിലായിരുന്നു താമസം.
പൊലീസ് പറയുന്നതനുസരിച്ച്, രാത്രിയിൽ കടത്തിണ്ണയിൽ മഞ്ജുവും ശിവനും ഒരുമിച്ചിരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശിവൻ കുട്ടിയുടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ശിവൻ സഹോദരൻ ശക്തിയെ വിളിച്ചുവരുത്തി. തുടർന്ന് ശക്തിയുടെ സ്കൂട്ടറിൽ ശിവനും മഞ്ജുവും ചേർന്ന് മൃതദേഹം വളഞ്ഞവട്ടത്തെ ചതുപ്പിൽ ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് ശിവനുമായി പിണങ്ങിയ മഞ്ജു നാട്ടിലേക്ക് മടങ്ങി.
പല സ്ഥലങ്ങളിൽ സഞ്ചരിച്ച് പഴയ സാധനങ്ങൾ ശേഖരിച്ചാണ് മഞ്ജുവും മകനും ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം മുതലമട ചെമ്മണ്ണത്തോട്ടിൽ എത്തിയപ്പോഴാണ് പരിചയക്കാരിയും പൊതുപ്രവർത്തകയുമായ ബീന ഷാജി മഞ്ജുവിന്റെ എട്ടുവയസ്സുകാരനായ മകനോട് അനുജത്തിയെക്കുറിച്ച് ചോദിച്ചത്. അമ്മയുടെ സുഹൃത്താണ് അനുജത്തിയെ കൊലപ്പെടുത്തിയതെന്ന് കുട്ടി വെളിപ്പെടുത്തി. ഇതിനിടെ മഞ്ജു മകനെ രൂക്ഷമായി നോക്കിയത് ബീനയിൽ സംശയമുണർത്തി. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു.
വിവരം പ്രദേശത്തെ എസ്.ടി. പ്രമോട്ടർ മുഖേന മീനാക്ഷിപുരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2023ൽ വളഞ്ഞവട്ടത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം മഞ്ജുവിന്റെ മകളുടേതാണെന്ന് സ്ഥിരീകരിച്ചത്. വർഷങ്ങളായി തെളിയാതെ കിടന്ന കൊലപാതകക്കേസിന് എട്ടുവയസ്സുകാരന്റെ മൊഴി നിർണായക വഴിത്തിരിവാകുകയായിരുന്നു. ഒളിവിലുള്ള ശിവനെയും ശക്തിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
