കൊല്ലം: ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിക്കുകയും കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം ലക്ഷ്മി നഗർ അജാസ് മൻസിലിൽ താമസക്കാരനുമായ അജാസ് ഖാൻ (29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അജാസ് ഖാനും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി.
മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. മുറിയിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പേപ്പറും കണ്ടെത്തി.
സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അജാസ് തന്നെ ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
