Home Top Stories‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ മാറ്റി’; കെപിസിസി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി കെ. സുധാകരന്റെ തുറന്നടിക്കൽ, പിന്നാലെ വീഡിയോ പിൻവലിച്ചു

‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ മാറ്റി’; കെപിസിസി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി കെ. സുധാകരന്റെ തുറന്നടിക്കൽ, പിന്നാലെ വീഡിയോ പിൻവലിച്ചു

by news_desk1
0 comments

കണ്ണൂർ: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെച്ചൊല്ലി വീണ്ടും അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ എംപി. കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെയാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതെന്നും ഇത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം. എന്നാൽ, വീഡിയോ പിന്നീട് നീക്കം ചെയ്തു.

സിപിഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുതെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. അധികാരത്തിനുവേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവയ്ക്കരുതെന്നും ഭരണം വരികയും പോകുകയും അധികാരം മാറിമറിയുകയും ചെയ്യുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമാത്രമല്ല, ഭരണപക്ഷത്തിനുമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ പോരാടിയ വ്യക്തിയെന്ന നിലയിലാണ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്ന് സുധാകരൻ വീഡിയോയിൽ പറഞ്ഞു. ഇത് കേവലമായ രാഷ്ട്രീയ പ്രസ്താവനയല്ലെന്നും ജീവിതത്തിൽ നേരിട്ട അനുഭവങ്ങളുടെയും യാഥാർഥ്യങ്ങളുടെയും സാക്ഷ്യപ്പെടുത്തലാണെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യജീവനുകൾ ഇല്ലാതാക്കുകയും എതിർപക്ഷത്ത് വിശ്വസിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടുകയും ചെയ്യുന്ന രീതിയോട് ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ ചില സഹപ്രവർത്തകരോടും ചില കാര്യങ്ങൾ തുറന്നുപറയാനുണ്ടെന്ന് വ്യക്തമാക്കിയ സുധാകരൻ, തകർച്ചയിൽനിന്ന് പാർട്ടിയെ കരകയറ്റാൻ കെപിസിസി അധ്യക്ഷനെന്ന നിലയിൽ ശ്രമിച്ചപ്പോൾ നേരിടേണ്ടിവന്ന നീക്കങ്ങളാണ് വേദനിപ്പിച്ചതെന്ന് പറഞ്ഞു. അന്നത്തെ ദുഷ്കരമായ സാഹചര്യങ്ങളിൽനിന്ന് കോൺഗ്രസിനെ വിജയപാതയിലേക്ക് നയിക്കാനും തെരഞ്ഞെടുപ്പുകളിൽ വലിയ വിജയങ്ങൾ നേടാനും കഴിഞ്ഞത് ചരിത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നിട്ടും വ്യക്തമായ കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ചിലർ നടത്തിയ നീക്കങ്ങൾ അതിയായ ദുഃഖമുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിക്കുവേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധികളിൽ ഒപ്പം നിന്നവരുടെയും ത്യാഗങ്ങളെ വിലകുറച്ച് കാണുന്ന ഇത്തരം നടപടികൾ കോൺഗ്രസിന് ഗുണകരമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏത് സർക്കാർ അധികാരത്തിലിരുന്നാലും അതിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കണം. സർക്കാരിന് ആവശ്യം സ്തുതിപാഠകരെയല്ല, വീഴ്ചകൾ തുറന്നുപറയാൻ ധൈര്യമുള്ള പോരാളികളെയാണെന്നും വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുതിരുത്തുമ്പോഴാണ് പ്രസ്ഥാനം ശക്തമാകുന്നതെന്നും സുധാകരൻ പറഞ്ഞു.

You may also like