ന്യൂഡൽഹി: ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയുടെ ‘ജെൻസി’ പരാമർശം ചർച്ചയാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി കോക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ‘ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്’ എന്ന കുറിപ്പോടെയാണ് ദീപ്കെ എക്സിൽ മോദിയുടെ ചിത്രം പങ്കുവച്ചത്. പ്രതിഷേധക്കേസിൽ അറസ്റ്റിലായ പാർട്ടി നേതാക്കൾ സമർപ്പിച്ച ഹർജിയിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രതികരണം.
ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും കസ്റ്റഡി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഇരുവരെയും കുറിച്ച് പരാമർശം നടത്തിയത്. 27-ഉം 31-ഉം വയസ്സുള്ള ഹർജിക്കാർ ‘ജെൻസി’ വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് ദീപ്കെയുടെ പരിഹാസ പ്രതികരണം.
അനുമതിയില്ലാതെ ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്തറിലേക്ക് കടക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമാകാനുള്ള സാധ്യതയും വിദേശരാജ്യങ്ങളിലെ സമാന സംഭവങ്ങളും കോടതി പരാമർശിച്ചു. സമാധാനാന്തരീക്ഷത്തിന് ഭീഷണിയുണ്ടാകുന്ന സാഹചര്യം മജിസ്ട്രേറ്റ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ബോണ്ട് വ്യവസ്ഥ ലംഘിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ആദ്യമായി നൽകിയ ബോണ്ട് വ്യവസ്ഥ ലംഘിക്കുന്നത് തെറ്റായ പ്രവണതയല്ലേയെന്നും കോടതി ആരാഞ്ഞു.
സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നേരിട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതിലും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അതൃപ്തി രേഖപ്പെടുത്തി. ആദ്യം കീഴ്ക്കോടതിയെ സമീപിക്കാതിരുന്നതിന്റെ കാരണം കോടതി ചോദിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ സംഘടനയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചും കോടതി സംശയം ഉന്നയിച്ചു.
ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഹൈക്കോടതിയുടെ കടുത്ത വിമർശനങ്ങൾക്കു പിന്നാലെ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു.
