Home Nationalകുട്ടികൾക്കും ഇന്റർനെറ്റ് അവകാശം; പ്രായത്തിന്റെ പേരിൽ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

കുട്ടികൾക്കും ഇന്റർനെറ്റ് അവകാശം; പ്രായത്തിന്റെ പേരിൽ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

by news_desk1
0 comments

ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ മൗലിക അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദവും 19(1)(എ) അനുച്ഛേദവും ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് ഉപയോഗത്തെയും കാണാമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പേരിൽ ഇന്റർനെറ്റ് ഉപയോഗം പൂർണമായി നിഷേധിക്കുന്നതിനുപകരം ഓൺലൈൻ ഇടങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായത്തിന്റെ പേരിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് സംസാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ സേവനങ്ങളിലും കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ഇടയാക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഇന്റർനെറ്റ് ഉപയോഗം പൂർണമായി തടയുന്നതിനു പകരം ‘ചൈൽഡ് മോഡ്’ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

വിദൂര പ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പഠനത്തിനുള്ള പ്രധാന ഉറവിടമാണ് ഇന്റർനെറ്റ്. അതിനാൽ, കുട്ടികളുടെ പ്രായം പരിഗണിച്ച് അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതി മുന്നോട്ടുവച്ചത്.

You may also like