Home Kerala44 ലക്ഷം രൂപയുടെ കവർച്ചയിൽ 43കാരൻ പിടിയിൽ

44 ലക്ഷം രൂപയുടെ കവർച്ചയിൽ 43കാരൻ പിടിയിൽ

by news_desk1
0 comments

തൃശൂർ: തങ്കാഭരണങ്ങളാക്കി തിരികെ നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് കൈമാറിയത് 300 ഗ്രാം സ്വർണാഭരണങ്ങൾ. എന്നാൽ, സ്വർണം വാങ്ങിയ പ്രതി തമിഴ്‌നാട്ടിലെ ജ്വല്ലറിയിൽനിന്ന് തങ്കം കൈക്കലാക്കി മുങ്ങി. 44 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വേലൂർ മണിമലർക്കാവ് സ്വദേശി അറയ്ക്കൽ വീട്ടിൽ ജോജി (43)യെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ സ്വദേശിയുടെ കൈയിൽനിന്ന് 300 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങിയ ജോജി, തമിഴ്‌നാട്ടിലെ ജ്വല്ലറിയിൽ ഇവ തങ്കാഭരണങ്ങളാക്കി നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലെത്തിയ ഇയാൾ, ഒല്ലൂർ സ്വദേശിയുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന് ജ്വല്ലറി അധികൃതരെ ധരിപ്പിച്ചു. അവിടെനിന്ന് തങ്കം കൈപ്പറ്റിയശേഷം ഉടമയ്ക്ക് തിരികെ നൽകാതെ കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ ഒല്ലൂർ സ്വദേശി നെടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

തൃശൂർ എ.സി.പി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, അബീഷ് ആന്റണി, ജോസ് പോൾ, ബേബി എന്നിവർ ഉൾപ്പെട്ടിരുന്നു.

You may also like