Home Top Storiesസിഎംആർഎൽ–എക്സാലോജിക്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് പിണറായി വിജയൻ

സിഎംആർഎൽ–എക്സാലോജിക്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് പിണറായി വിജയൻ

by news_desk1
0 comments

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയുടെ പുതിയ ഉത്തരവും ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് മറുപടി നൽകി. നിയമോപദേശം തേടിയശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് ഇഡിയുടെ നീക്കം.

ഒക്ടോബർ 23ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ഇഡി പിണറായി വിജയന് നോട്ടീസ് നൽകിയത്. തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അദ്ദേഹം വീട്ടിലില്ലാത്തതിനാൽ ചുവരിൽ നോട്ടീസ് പതിച്ചശേഷം മടങ്ങുകയായിരുന്നു. എന്നാൽ, നിശ്ചയിച്ച ദിവസം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി മറുപടി നൽകിയതെന്നാണ് വിവരം.

സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും കേസുണ്ട്. വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡിക്ക് അന്വേഷണം ആരംഭിക്കാനുള്ള നിയമതടസ്സം നീങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നേരിട്ട് അന്വേഷണം നടത്തുന്നതിന് അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരിക്കണമെന്നതാണ് ഇതിന് പിന്നിലെ നിയമസാഹചര്യം.

അതിനിടെ, സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ പിണറായി വിജയന് ആശ്വാസം നൽകുന്ന ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായിരുന്നു. വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് റിയാസിനും വീണ ടി.യ്ക്കുമെതിരായ അന്വേഷണത്തിനും താൽക്കാലിക തടസ്സമുണ്ടായി. ഈ ഉത്തരവും പിണറായി ഇഡിക്ക് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീംകോടതിയുടെ ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിലും ഹാജരാക്കിയിട്ടുണ്ട്. പിണറായി ഉൾപ്പെടെയുള്ളവരുടെ അപ്പീൽ വരുന്ന ശനിയാഴ്ച പരിഗണിക്കാനാണ് സാധ്യത.

You may also like