എരുമേലി: പതിവുപോലെ മേയാൻ പോയ പശുക്കൾ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചെറുവള്ളി എസ്റ്റേറ്റിൽ ‘ചെറുവള്ളി കുള്ളൻ’ എന്നറിയപ്പെടുന്ന നാടൻ ഇനത്തിൽപ്പെട്ട 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും മിന്നലിലുമാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാക്കളും ഉൾപ്പെടെ എട്ടു മൃഗങ്ങളും മറ്റു രണ്ടു തൊഴിലാളികളുടെ നാലു പശുക്കളുമാണ് ചത്തത്. ബുധനാഴ്ച വൈകീട്ട് 5.30ഓടെ പ്രദേശത്ത് ശക്തമായ മഴയും മിന്നലുമുണ്ടായിരുന്നു. വിസ്തൃതമായ എസ്റ്റേറ്റിൽ കറവയുള്ള പശുക്കളെ മാത്രമാണ് ഉടമകൾ സാധാരണയായി തൊഴുത്തിൽ കെട്ടിയിടാറുള്ളത്. രാവിലെ മേയാൻ വിടുന്ന പശുക്കൾ സന്ധ്യയോടെ തിരിച്ചെത്തുന്നതാണ് പതിവ്. എന്നാൽ ബുധനാഴ്ച വൈകീട്ട് ഇവ തിരിച്ചെത്തിയില്ല. തുടർന്നാണ് വ്യാഴാഴ്ച രാവിലെ തോട്ടത്തിലെ തൊഴിലാളികൾ തിരച്ചിൽ നടത്തിയത്.
പശുക്കളുടെ മരണത്തിന് മിന്നലേറ്റതാണെന്നാണ് ഔദ്യോഗികമായ പ്രാഥമിക വിവരം. ചത്തുകിടന്ന മൃഗങ്ങൾക്ക് സമീപമുള്ള റബർ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലായിരുന്നു. ജില്ലാ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് എസ്റ്റേറ്റിൽ യന്ത്രസഹായത്തോടെ കുഴിയെടുത്ത് മൃഗങ്ങളെ സംസ്കരിച്ചു.
അതേസമയം, എസ്റ്റേറ്റിൽ വിവിധ ഭാഗങ്ങളിലായി കൈതക്കൃഷി സജീവമാണ്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളം മഴവെള്ളത്തിനൊപ്പം സമീപപ്രദേശങ്ങളിലേക്കും നീർച്ചാലുകളിലേക്കും ഒഴുകിയെത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പശുക്കളുടെ കൂട്ടമരണത്തിന് പിന്നിൽ ഇത്തരമൊരു കാരണമുണ്ടോയെന്നും പരിശോധിക്കണമെന്ന ആവശ്യമുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത പരിശോധനകൾക്കുശേഷമേ ലഭിക്കൂ.
പാൽ ഉൽപാദനം താരതമ്യേന കുറവാണെങ്കിലും ഔഷധഗുണമുള്ള പാലിന് പേരുകേട്ടവയാണ് ചെറുവള്ളി കുള്ളൻ പശുക്കളെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവയുടെ പാൽ, ചാണകം, കിടാക്കൾ എന്നിവയുടെ വിൽപനയാണ് തൊഴിലാളികളുടെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്ന്. ഒരുമിച്ച് 12 പശുക്കളെ നഷ്ടമായത് തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ആഘാതമാണ്.
