ചെന്നൈ: പൂജാ അവധിക്കുശേഷം സ്കൂളിൽ തിരിച്ചെത്തിയ ദിവസം പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സ്കൂളിൽ ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന് മകൻ കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിൽ ആത്മഹത്യയെന്ന നിലയിൽ അന്വേഷണം നടത്തുന്നതിനൊപ്പം ജാതിവിവേചന ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചിരുന്ന ദലിത് വിദ്യാർഥിയെ സഹപാഠികളിൽ ചിലരും അധ്യാപകരിൽ ചിലരും വിവേചനത്തോടെ പെരുമാറിയെന്നാണ് മാതാപിതാക്കളുടെ പരാതി. കുടുംബത്തിന്റെ ജാതിയും ഭക്ഷണശീലങ്ങളും മുൻനിർത്തി സഹപാഠികൾ കുട്ടിയെ അകറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിക്കുന്നു. കൂട്ടുകാർ സംസാരിക്കാതായതോടെ മകൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.
മരണത്തിന് തൊട്ടുമുമ്പ് സ്കൂൾ അധികൃതരെ സമീപിച്ചിരുന്നെങ്കിലും ആവശ്യമായ ഇടപെടലോ പിന്തുണയോ ലഭിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളും സ്കൂളിൽ നേരിട്ടതായി പറയപ്പെടുന്ന വിവേചനവും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
കുടുംബത്തിന്റെ പരാതിയിൽ പട്ടികജാതി–പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ, ക്ലാസ് അധ്യാപകൻ എന്നിവരുടെ പങ്കുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആവശ്യമായാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
കോയമ്പത്തൂരിലെ സ്കൂളുകളിൽ ദലിത് വിദ്യാർഥികൾക്കെതിരായ വിവേചനാരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഒരു ദലിത് വിദ്യാർഥിയോട് സ്കൂൾ അധികൃതർ അപമാനകരമായി പെരുമാറിയെന്ന ആരോപണം ഉയർന്നിരുന്നു.
