ന്യൂഡൽഹി: സമരങ്ങളും പ്രതിഷേധങ്ങളും കൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകില്ലെന്നും അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മാത്രം പ്രതിപക്ഷം ‘വോട്ട് ചോരി’ ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹി ജൽ ബോർഡിന്റെ 33 പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ലക്ഷ്യമിട്ടായിരുന്നു വിമർശനം.
രാഷ്ട്രീയ ജാലവിദ്യകളും അരാജകത്വവും കൊണ്ട് ജനവിധി മാറ്റാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. പ്രതിഷേധങ്ങൾക്കു പകരം ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് രാഷ്ട്രീയ നേതാക്കൾ ശ്രദ്ധിക്കേണ്ടത്. അല്ലാത്തപക്ഷം നിലവിൽ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽനിന്നുപോലും പ്രതിപക്ഷ പാർട്ടികൾ പുറത്താകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോഴെല്ലാം വോട്ട് ചോരി ആരോപണം ഉയർത്തുന്നുവെന്നായിരുന്നു അമിത് ഷായുടെ മറ്റൊരു വിമർശനം. ജനങ്ങളുടെ വോട്ടിലൂടെയല്ല, വോട്ട് മോഷ്ടിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ ഉറപ്പാക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
കേരളം, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രതിപക്ഷം വിജയിച്ചപ്പോഴൊന്നും വോട്ട് ചോരി ആരോപണം ഉയർന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിലും ഇതേ വോട്ടിങ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ കമ്മിഷനെ വിമർശിക്കുകയും അനുകൂല വിധി ലഭിക്കുമ്പോൾ കോടതിയെ പുകഴ്ത്തുകയും ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും അമിത് ഷാ പരിഹസിച്ചു.
അടുത്ത 30 വർഷവും ബിജെപി അധികാരത്തിൽ തുടരുമെന്നും അതിനിടയിലും പ്രതിപക്ഷം വോട്ട് ചോരി ആരോപണം ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ഇന്ത്യയിൽ ജനിച്ചയാളാണെന്നും ഇവിടെത്തന്നെ ജീവിച്ച് മരിക്കുമെന്നും പറഞ്ഞ അമിത് ഷാ, ആറുമാസം കൂടുമ്പോൾ വിദേശയാത്ര നടത്തേണ്ട സാഹചര്യം തനിക്കില്ലെന്നും കൂട്ടിച്ചേർത്തു
