ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കുള്ള ബുക്കിങ് ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫില്ലിങ്ങിലെ കാലതാമസം കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ മാറ്റം വരുത്താൻ കാരണം.
ഇനി ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം പൂർത്തിയായാൽ അടുത്ത റീഫിൽ ബുക്ക് ചെയ്യാം. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
അതേസമയം, നഗരമേഖലയിൽ നിലവിലുണ്ടായിരുന്ന 25 ദിവസത്തെ ഇടവേള തുടരും. കഴിഞ്ഞ മാർച്ചിലാണ് പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവും ബുക്കിങ് ഇടവേള നിശ്ചയിച്ചത്. അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിൽ എൽപിജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുകയായിരുന്നു നടപടിയുടെ ലക്ഷ്യം.
വിതരണ സാഹചര്യം മെച്ചപ്പെട്ടതിനൊപ്പം റീഫില്ലിങ്ങിലെ കാലതാമസവും കുറഞ്ഞതോടെയാണ് ബുക്കിങ് ഇടവേളയിൽ മാറ്റം വരുത്തിയത്. പുതിയ ഇളവോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
