Home Keralaരാഷ്ട്രപതി ദ്രൗപദി മുർമുവിന് കേരളത്തിൽ ഊഷ്മള സ്വീകരണം

രാഷ്ട്രപതി ദ്രൗപദി മുർമുവിന് കേരളത്തിൽ ഊഷ്മള സ്വീകരണം

by news_desk1
0 comments

കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. രാവിലെ 10.41ന് പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എംപിമാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

രാവിലെ 10.45ന് രാഷ്ട്രപതി കാലടി ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി രവാഡ ചന്ദ്രശേഖർ, ദക്ഷിണ നാവിക കമാൻഡ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് തൃശൂരിലെ ലുലു ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വൈദ്യരത്നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം കണ്ണൂർ ജില്ലയിലെ ഏഴിമലയിലുള്ള ഇന്ത്യൻ നാവിക അക്കാദമിയിലെത്തുന്ന രാഷ്ട്രപതി രാത്രി അവിടെ തങ്ങും.

നാളെ രാവിലെ എട്ടിന് ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മിസോറാമിലേക്ക് യാത്ര തിരിക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂരിലെ രണ്ട് കോളജുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിനുമാണ് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അവധി നൽകിയത്. കോളജ് മൈതാനങ്ങൾ ഹെലിപാഡുകളായി നിശ്ചയിച്ചതിനെത്തുടർന്നാണ് നടപടി

You may also like