തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒറ്റപ്പെട്ട ദുരന്തമല്ല. വർഷങ്ങളായി തുടരുന്ന ആസൂത്രണരാഹിത്യത്തിന്റെയും ഭരണപരമായ അനാസ്ഥയുടെയും രാഷ്ട്രീയ ഉത്തരവാദിത്തമില്ലായ്മയുടെയും തുറന്ന തെളിവാണത്. ഒരു മഴയിൽ തലസ്ഥാനനഗരം വെള്ളത്തിനടിയിലാകുന്നുവെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടത് മഴയെയല്ല, നഗരത്തെ നയിക്കുന്ന സംവിധാനത്തെയാണ്. ഒരു മഴ പെയ്താൽ മതി, തിരുവനന്തപുരം നഗരത്തിന്റെ ജനജീവിതം സ്തംഭിക്കാൻ. റോഡുകൾ തോടുകളാകും, വീടുകൾ വെള്ളത്തിലാകും, ഗതാഗതം നിലയ്ക്കും, ജനങ്ങൾ ദുരിതത്തിലാകും. മഴക്കാലം വരുമെന്ന് അറിയാത്തതുകൊണ്ടല്ല ഈ ദുരവസ്ഥ. മഴയുടെ വരവും തീവ്രതയും മുൻകൂട്ടി പ്രവചിക്കാനാകുന്ന കാലത്തും അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താത്തതാണ് യഥാർഥ പരാജയം. പ്രകൃതിയുടെ മുന്നറിയിപ്പിനെ ഭരണകൂടം അവഗണിക്കുമ്പോൾ അതിന്റെ വില നൽകേണ്ടിവരുന്നത് സാധാരണക്കാരാണ്. വർഷംതോറും മഴക്കാലപൂർവ ശുചീകരണത്തിന് നിർദേശങ്ങളിറങ്ങും. ഓടകളും കാനകളും വൃത്തിയാക്കും, തോടുകൾ വീണ്ടെടുക്കും, വെള്ളമൊഴുക്ക് സുഗമമാക്കും എന്നിങ്ങനെ പ്രഖ്യാപനങ്ങളുണ്ടാകും. എന്നാൽ മഴ ശക്തമാകുന്നതോടെ ഈ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം പുറത്തുവരും. മാലിന്യം നിറഞ്ഞ ഓടകളും കൈയേറിയ നീരൊഴുക്കുകളും നികത്തപ്പെട്ട തണ്ണീർത്തടങ്ങളും അശാസ്ത്രീയ നിർമാണങ്ങളും ചേർന്നാണ് നഗരങ്ങളെ വെള്ളക്കെട്ടിന്റെ തടവറകളാക്കുന്നത്. ഇതൊന്നും ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല. വർഷങ്ങളായി അധികാരത്തിലിരുന്നവരുടെ കണ്ണുകൾക്കു മുന്നിൽ വളർന്നുവന്ന പ്രതിസന്ധിയാണിത്. ദുരിതമുണ്ടാകുമ്പോൾ ഭരണകൂടങ്ങൾക്ക് പതിവായി ഒരു രക്ഷാമാർഗമുണ്ട്: പഴിചാരൽ. മുൻ ഭരണസമിതിയുടെ വീഴ്ചയെന്ന് നിലവിലുള്ളവർ പറയും; ഇപ്പോഴത്തെ ഭരണാധികാരികളുടെ അനാസ്ഥയെന്ന് പ്രതിപക്ഷം തിരിച്ചടിക്കും. നഗരസഭയും സർക്കാരും വിവിധ വകുപ്പുകളും ഉത്തരവാദിത്തം പരസ്പരം കൈമാറും. പക്ഷേ വെള്ളം കയറിയ വീടുകളിലെ ജനങ്ങൾക്ക് ഈ രാഷ്ട്രീയ വാദപ്രതിവാദങ്ങൾകൊണ്ട് എന്ത് പ്രയോജനം? നഷ്ടപ്പെട്ട ജീവിതവും തകർന്ന ഉപജീവനവും തിരികെ നൽകാൻ ആരോപണങ്ങൾക്കാവില്ല. ഓരോ ബജറ്റിലും കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. മനോഹരമായ പേരുകളും വികസനവാഗ്ദാനങ്ങളും ഉണ്ടാകും. എന്നാൽ പ്രഖ്യാപനങ്ങളിൽനിന്ന് പ്രവൃത്തിയിലേക്കുള്ള ദൂരം കുറയുന്നില്ല. പദ്ധതികൾ കടലാസിലൊതുങ്ങുന്നു; നടപടിക്രമങ്ങളിൽ കുടുങ്ങുന്നു; കരാറുകളിലും നിർമാണത്തിലും കാലതാമസം നേരിടുന്നു. ഭരണമാറ്റം വരുമ്പോൾ മുൻ സർക്കാരിന്റെ പദ്ധതികൾക്ക് തുടർച്ചയില്ലാതാകുന്നു. വികസനം രാഷ്ട്രീയ നേട്ടത്തിനുള്ള ഉപാധിയാകുമ്പോൾ ജനസുരക്ഷയ്ക്ക് മുൻഗണന നഷ്ടപ്പെടുന്നു. താൽക്കാലികമായി വെള്ളം പമ്പ് ചെയ്തുകളയുന്നതുകൊണ്ടോ ദുരിതബാധിതരെ സന്ദർശിച്ച് ആശ്വാസവാക്കുകൾ പറയുന്നതുകൊണ്ടോ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകില്ല. നഗരത്തിന്റെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണം. തോടുകളിലെയും കാനകളിലെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. കുളങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണം. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി നവീകരിക്കണം. ഇതിന് നഗരസഭയും സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണം. രാഷ്ട്രീയ സ്വാധീനമോ സാമ്പത്തിക താൽപര്യമോ നോക്കാതെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിതീവ്രമഴയുടെ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ നഗരാസൂത്രണത്തിന് പുതിയ കാഴ്ചപ്പാട് അനിവാര്യമാണ്. തിരുവനന്തപുരം ഇന്ന് നേരിടുന്ന ദുരിതം നാളെ കൊച്ചിയിലോ കോഴിക്കോട്ടോ മറ്റേതെങ്കിലും നഗരത്തിലോ ആവർത്തിക്കാം. അതുകൊണ്ട് ഇത് ഒരു നഗരത്തിന്റെ മാത്രം പ്രശ്നമായി കാണാനാവില്ല. കേരളത്തിന്റെ നഗരവികസന നയത്തിനും ഭരണസംവിധാനത്തിനുമുള്ള മുന്നറിയിപ്പാണിത്. പൂർത്തിയാകാത്ത പദ്ധതികൾക്ക് സമയപരിധി നിശ്ചയിക്കണം. മഴക്കാലപൂർവ ശുചീകരണം പതിവ് ചടങ്ങല്ല, ഉത്തരവാദിത്തമുള്ള സ്ഥിരം സംവിധാനമാകണം. പ്രവൃത്തികൾ നിരീക്ഷിക്കാൻ സുതാര്യമായ സംവിധാനം വേണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ഉത്തരവാദിത്തം നിശ്ചയിക്കണം. ഓരോ മഴക്കാലത്തും ഒരേ ദുരിതം ആവർത്തിക്കുമ്പോൾ ആരും ഉത്തരവാദികളല്ലെന്ന നിലപാട് ഇനി അംഗീകരിക്കാനാവില്ല. ഭരണത്തിന്റെ മികവ് അളക്കേണ്ടത് ദുരിതമുണ്ടായശേഷം നടത്തുന്ന അവലോകനയോഗങ്ങളുടെ എണ്ണത്തിലല്ല; ദുരിതം ആവർത്തിക്കാതിരിക്കാൻ നടത്തിയ മുന്നൊരുക്കങ്ങളുടെ ഫലത്തിലാണ്. തിരുവനന്തപുരത്തെ വെള്ളക്കെട്ട് വീണ്ടും രാഷ്ട്രീയ ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ താഴ്ത്തിയാൽ അടുത്ത മഴയിൽ മറ്റൊരു നഗരവും ഇതേ ദുരന്തം ഏറ്റുവാങ്ങും. അന്ന് വീണ്ടും പരസ്പരം പഴിചാരാൻ മാത്രമേ അധികാരികൾക്ക് കഴിയൂ. മഴയെ പഴിചാരി ഭരണകൂടത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. മഴക്കാലം പ്രവചിക്കാനാകുന്ന കാലത്ത് വെള്ളക്കെട്ട് പ്രവചിക്കാനാവാത്ത ഭരണസംവിധാനം ജനങ്ങൾക്ക് എന്തിനാണ്? ഓരോ മഴയിലും നഗരം മുങ്ങുകയും ഓരോ തവണയും അന്വേഷണവും അവലോകനവും പ്രഖ്യാപനവും നടത്തി ഭരണാധികാരികൾ കൈകഴുകുകയും ചെയ്യുന്ന പതിവ് അവസാനിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവർ അധികാരത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. വെള്ളക്കെട്ട് പ്രകൃതിദുരന്തമായി എഴുതിത്തള്ളാനാവില്ല; അത് ഭരണപരമായ കുറ്റകരമായ വീഴ്ചയുടെ അടയാളമാണ്. അടുത്ത മഴയ്ക്കുമുമ്പ് പരിഹാരമുണ്ടായില്ലെങ്കിൽ വെള്ളം കയറുന്നത് നഗരത്തിലെ വീടുകളിൽ മാത്രമാകില്ല-ഭരണാധികാരികളുടെ അധികാരക്കസേരകളിലേക്കും ജനരോഷം ഇരച്ചുകയറും.
3
