Home National‘ആയിരങ്ങളെ അറസ്റ്റ് ചെയ്താലും സമരം അവസാനിക്കില്ല’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥി നേതാവ്

‘ആയിരങ്ങളെ അറസ്റ്റ് ചെയ്താലും സമരം അവസാനിക്കില്ല’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥി നേതാവ്

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പതാകയുടെയോ കീഴിലുള്ളതല്ലെന്ന് ഐസ നേതാവ് നേഹ ബോറ. ഇത് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നും ആയിരങ്ങളെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.

സമരക്കാർക്കുനേരെ പൊലീസ് നടത്തുന്ന അതിക്രമം വ്യക്തികൾക്കെതിരായ ആക്രമണം മാത്രമല്ലെന്നും വോട്ടവകാശം സംരക്ഷിക്കാൻ പോരാടുന്ന ജനതയ്ക്കെതിരായ നടപടിയാണെന്നും നേഹ ബോറ ആരോപിച്ചു. സൗരവ് ദാസിനെയും അശുതോഷ് റാംകയെയും അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയെയും അവർ വിമർശിച്ചു. ഇരുവരെയും മാത്രമല്ല, വോട്ടവകാശം പണയപ്പെടുത്താതിരിക്കാൻ പോരാടുന്ന ഇന്ത്യൻ ജനതയെയാകെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്ന യുവതികൾക്കെതിരെ ഡൽഹി പൊലീസ് ലൈംഗികാതിക്രമം നടത്തുന്നുവെന്നും നേഹ ആരോപിച്ചു. സിജെപി, ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

സമരക്കാരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അടച്ചാലും ആയിരങ്ങളെ അറസ്റ്റ് ചെയ്താലും ലൈംഗികാതിക്രമം നടത്തിയാലും പ്രക്ഷോഭം അവസാനിക്കില്ലെന്ന് നേഹ ആവർത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണെന്നും അവർ വ്യക്തമാക്കി.

നേഹ സംസാരിക്കുന്നതിനിടെ വാർത്താസമ്മേളനത്തിൽ ഒരു മാധ്യമത്തിന്റെ പ്രതിനിധികൾ ചോദ്യം ഉന്നയിച്ചതോടെ ബഹളമുണ്ടായി. പിന്നാലെ ഇവർക്കെതിരെ സദസ്സിൽനിന്ന് മുദ്രാവാക്യങ്ങളും ഉയർന്നു.

You may also like