Home National‘സവർക്കർ 2.0’ എന്ന് സ്റ്റാലിനെ വിളിച്ച് ടിവികെ; ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രവും പുറത്ത്, ഡിഎംകെയെ പരിഹസിച്ച് പുതിയ പോസ്റ്റ്

‘സവർക്കർ 2.0’ എന്ന് സ്റ്റാലിനെ വിളിച്ച് ടിവികെ; ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രവും പുറത്ത്, ഡിഎംകെയെ പരിഹസിച്ച് പുതിയ പോസ്റ്റ്

by news_desk1
0 comments

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിന് പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ പരിഹാസവുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). സ്റ്റാലിനെ ‘സവർക്കർ 2.0’ എന്ന് വിശേഷിപ്പിച്ച പാർട്ടി, ആർഎസ്എസ് ഗണവേഷത്തിൽ നിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രവും സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവച്ചു.

കഴിഞ്ഞ ഏപ്രിലിൽ മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്ത ഡിഎംകെ ഇപ്പോൾ നിലപാട് മാറ്റിയതാണ് ടിവികെയുടെ വിമർശനത്തിന് കാരണം. ടിവികെ ഐടി വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ‘സ്റ്റാലിൻ എന്ന സവർക്കർ 2.0’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്.

മറ്റൊരു പോസ്റ്റിലൂടെ ‘സനാതനമല്ല… സൺ-ധനം’ എന്ന വാക്കുകൾ ഉപയോഗിച്ചും ടിവികെ പരിഹസിച്ചു. സ്റ്റാലിന്റെയും മകൻ ഉദയനിധി സ്റ്റാലിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഈ പോസ്റ്റ്. കുടുംബത്തിന്റെ സമ്പത്തിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിഹാസമാണ് ഇതിലൂടെ ഉന്നയിച്ചത്.

അതേസമയം, മണ്ഡല പുനർനിർണയ ബില്ലുകളെ പിന്തുണയ്ക്കാൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതോടെ ലോക്‌സഭയിലെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കേന്ദ്രസർക്കാരിന് ലഭിക്കും.

ലോക്‌സഭയിലെ 7.18 ശതമാനം എന്ന നിലവിലെ സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുതെന്നതാണ് ഡിഎംകെയുടെ പ്രധാന ആവശ്യമെന്നും കേന്ദ്രസർക്കാർ ഇത് അംഗീകരിച്ചതായും ഡിഎംകെ എംപി എ. രാജ വ്യക്തമാക്കി. ബില്ലിന്റെ നടപടിക്രമങ്ങളിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like