ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നിൽക്കാനും കുഞ്ഞിന്റെ പരിചരണത്തിൽ പങ്കാളിയാകാനും സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ അവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ ജനിച്ച് ആറുമാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താം. സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് നിലവിൽ 365 ദിവസത്തെ പ്രസവാവധി അനുവദിച്ചിട്ടുണ്ട്.
പ്രസവകാലം അമ്മയ്ക്കും കുഞ്ഞിനും ഏറെ നിർണായകമാണെന്നും ഈ ഘട്ടത്തിൽ അമ്മയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം കുഞ്ഞിന്റെ സംരക്ഷണത്തിലും പിതാവിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ടിവികെ സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം, നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്കും തമിഴ്നാട്ടിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുഞ്ഞിന്റെ അമ്മ തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരിയായിരിക്കണം. കൂടാതെ, പ്രെഗ്നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. റീപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് തിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണം.
ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുക. ആശുപത്രിയിൽനിന്ന് അമ്മയും കുഞ്ഞും ഡിസ്ചാർജ് ആയതിനുശേഷവും മോതിരം കൈമാറുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 100 കുഞ്ഞുങ്ങൾക്ക് വീതം മോതിരം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
