Home Nationalഡൽഹിയിൽ ശ്വാസകോശ അർബുദം ആശങ്കാജനകമായി ഉയരുന്നു; ആറര വർഷത്തിനിടെ 6,581 രോഗികൾ, 913 മരണം

ഡൽഹിയിൽ ശ്വാസകോശ അർബുദം ആശങ്കാജനകമായി ഉയരുന്നു; ആറര വർഷത്തിനിടെ 6,581 രോഗികൾ, 913 മരണം

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ആരോഗ്യരംഗത്ത് ഉയർത്തുന്ന ഭീഷണി വീണ്ടും ചർച്ചയാകുന്നു. തലസ്ഥാനത്തെ പ്രമുഖ സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ 6,581 പേർക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ. നാല് ആശുപത്രികളിലായി രോഗം ബാധിച്ച് 913 പേർ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2020 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി (ആർ.എം.എൽ), ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എസ്.സി.ഐ) എന്നിവിടങ്ങളിലെ രോഗവിവരങ്ങളാണ് ലഭ്യമായത്. സഫ്ദർജങ് ആശുപത്രി രോഗികളുടെ ആകെ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും 393 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗികൾ എയിംസിലാണ്. 2020 ജനുവരി മുതൽ 2026 മാർച്ച് വരെ ഇവിടെ 4,860 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 158 പേർ മരിക്കുകയും ചെയ്തു. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 1,613 കേസുകളും 354 മരണങ്ങളും രേഖപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരിൽ 351 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

റാം മനോഹർ ലോഹ്യ ആശുപത്രിയിൽ 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 47 പേർ സ്ത്രീകളാണ്. ഇവിടെ എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമായി പുകവലിയെയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണവും രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുകവലിക്കാത്ത സ്ത്രീകളിലും ശ്വാസകോശ അർബുദം കണ്ടെത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജനിതക ഘടകങ്ങൾക്കും വായുമലിനീകരണത്തിനും ഇത്തരം കേസുകളിൽ പങ്കുണ്ടാകാമെന്നും ഡോക്ടർമാർ പറയുന്നു.

വായുവിലുള്ള അതിസൂക്ഷ്മ കണങ്ങളായ പിഎം 2.5 ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് വീക്കത്തിനും കോശനാശത്തിനും കാരണമാകാം. ഇവയുമായുള്ള ദീർഘകാല സമ്പർക്കം ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

തുടർച്ചയായ ചുമ, രക്തം കലർന്ന കഫം, ശ്വാസതടസ്സം, നെഞ്ചുവേദന, ശബ്ദത്തിലുണ്ടാകുന്ന മാറ്റം, വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുക എന്നിവ രോഗത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. രോഗം വൈകി കണ്ടെത്തുന്നത് ചികിത്സ കൂടുതൽ സങ്കീർണമാക്കുന്നതിനാൽ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

You may also like