Home Kerala‘നാട്ടിൽ കലാപാഹ്വാനം നടത്തലല്ല മുൻ എംഎൽഎയുടെ ചുമതല’; മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ ചെന്നിത്തല

‘നാട്ടിൽ കലാപാഹ്വാനം നടത്തലല്ല മുൻ എംഎൽഎയുടെ ചുമതല’; മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ ചെന്നിത്തല

by news_desk1
0 comments

കൊച്ചി: രാഷ്ട്രീയ നേതാക്കൾ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കേണ്ടവരാണ്, അല്ലാതെ കലാപത്തിനും അക്രമത്തിനും ആഹ്വാനം നടത്തേണ്ടവരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ അധിക്ഷേപ പരാമർശങ്ങളും രാഷ്ട്രീയ എതിരാളികൾക്കെതിരെ കൊലവിളിയും നടത്തിയെന്ന ആരോപണം നേരിടുന്ന മുൻ പയ്യന്നൂർ എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെയാണ് ചെന്നിത്തലയുടെ വിമർശനം. സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസംഗം പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനപ്രതിനിധിയായിരുന്ന ഒരാൾ ഒരിക്കലും ഇത്തരത്തിൽ കൊലവിളി പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പ്രസംഗത്തിന്റെ പൂർണരൂപം പരിശോധിച്ചശേഷം നിയമപരമായി എന്ത് നടപടിയെടുക്കാനാകുമെന്ന് തീരുമാനിക്കും. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് ജനപ്രതിനിധികൾക്ക് ചേർന്ന നടപടിയല്ലെന്നും ഇത്തരം സമീപനങ്ങൾ പൊലീസോ സർക്കാരോ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്വം നാട്ടിൽ സമാധാനം നിലനിർത്തുകയും കൊലപാതകങ്ങളും അക്രമങ്ങളും തടയാൻ നേതൃത്വം നൽകുകയുമാണ്. കലാപാഹ്വാനം നടത്തുകയും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതല്ല അവരുടെ ചുമതല. മധുസൂദനൻ തന്റെ പ്രസ്താവന പിൻവലിക്കണമെന്നും സിപിഎം നേതൃത്വം വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിലായിരുന്നു മധുസൂദനന്റെ വിവാദ പ്രസംഗം. ധനരാജ് വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചതിനെ വിമർശിച്ച അദ്ദേഹം, തടവും ശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാൻ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു പ്രതികരിച്ചത്.

ചീമേനിയിൽ സിപിഎം പ്രവർത്തകരെ ചുട്ടുകൊന്ന കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർക്കണമെന്നുമായിരുന്നു മധുസൂദനന്റെ പരാമർശം. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ തീർക്കുമെന്നും അതിൽ പ്രസ്ഥാനത്തിന് മടിയില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ധനരാജ് വധക്കേസിലെ ഒന്നാം സാക്ഷി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നും സഹകരണ ബാങ്ക് ജീവനക്കാരനും പാർട്ടിയുടെ പ്രധാന പ്രവർത്തകനുമാണെന്നും ചൂണ്ടിക്കാട്ടിയ മധുസൂദനൻ, സാക്ഷിമൊഴി കോടതി അംഗീകരിക്കാത്തതിനെ വിമർശിച്ചു. അതേസമയം, ചീമേനി കൂട്ടക്കൊലക്കേസിൽ ആരെയും ശിക്ഷിച്ചിട്ടില്ലെന്ന കാര്യം ഭരണകൂടം ഓർക്കണമെന്ന മുന്നറിയിപ്പും പ്രസംഗത്തിലുണ്ടായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണക്കുതീർക്കുമെന്ന വെല്ലുവിളി.

നേരത്തെ ആരോഗ്യമന്ത്രി കെ. മുരളീധരനും മധുസൂദനന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം.

You may also like