Home Keralaആറുമാസത്തെ നിയമപോരാട്ടത്തിന് വിജയം; 241 ആദിവാസി ഉദ്യോഗാർഥികൾക്ക് മെന്റർ അധ്യാപക നിയമനത്തിന് വഴിതുറന്നു

ആറുമാസത്തെ നിയമപോരാട്ടത്തിന് വിജയം; 241 ആദിവാസി ഉദ്യോഗാർഥികൾക്ക് മെന്റർ അധ്യാപക നിയമനത്തിന് വഴിതുറന്നു

by news_desk1
0 comments

കൽപറ്റ: നീണ്ട ആറുമാസത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും ഒടുവിൽ 241 ആദിവാസി ഉദ്യോഗാർഥികൾക്ക് ആശ്വാസം. വയനാട്ടിലെ മെന്റർ ടീച്ചർ നിയമനത്തിനുണ്ടായിരുന്ന കോടതി സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതോടെ നിയമന നടപടികൾക്ക് വഴിതെളിഞ്ഞു. ഇതോടെ ജില്ലയിലെ വിവിധ എൽ.പി. സ്കൂളുകളിലായി 207 പേർ ഇതിനകം ജോലിയിൽ പ്രവേശിച്ചു.

അടിയ, പണിയ, കാട്ടുനായ്ക്ക തുടങ്ങിയ അതിദുർബല ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾ നേരിടുന്ന ഭാഷാപരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മെന്റർ ടീച്ചർ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ മുൻവർഷങ്ങളിൽ മെന്റർ അധ്യാപകരായി പ്രവർത്തിച്ചിരുന്ന 34 പേരെ മാത്രം നിയമിക്കണമെന്നും പുതുതായി അപേക്ഷിച്ചവരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചതോടെയാണ് നിയമന നടപടികൾ തടസ്സപ്പെട്ടത്.

പ്ലസ് ടു മുതൽ ഡി.എൽ.എഡ്, ടി.ടി.സി, ബി.എഡ്, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ള അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പരീക്ഷയും അഭിമുഖവും നടത്തിയ ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചത്. എന്നാൽ മുൻകാല പ്രവൃത്തിപരിചയം മാത്രം മുൻനിർത്തിയുള്ള തർക്കം നിയമന നടപടികളെ പ്രതിസന്ധിയിലാക്കി. ഇതോടെ പുതിയ തലമുറയിലെ യോഗ്യരായ നിരവധി ഉദ്യോഗാർഥികളുടെ നിയമനവും അനിശ്ചിതത്വത്തിലായി.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല സാഹചര്യമുണ്ടായെങ്കിലും പിന്നീട് അപ്പീൽ നടപടികളിലേക്ക് നീങ്ങേണ്ടിവന്നു. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കുവേണ്ടി അഡ്വ. ബ്രിജേഷ് എൻ. ബാലകൃഷ്ണനാണ് നിയമപോരാട്ടം നടത്തിയത്. നിയമനത്തിന്റെ സാമൂഹിക ലക്ഷ്യവും ഉദ്യോഗാർഥികളുടെ യോഗ്യതയും പരിഗണിച്ച ഡിവിഷൻ ബെഞ്ച് നേരത്തെയുണ്ടായിരുന്ന സ്റ്റേ ഒഴിവാക്കുകയായിരുന്നു.

നിയമപോരാട്ടത്തിൽ സർക്കാർ ഭാഗത്തുനിന്നും അനുകൂല ഇടപെടലുകളുണ്ടായി. പട്ടികവർഗ മന്ത്രി തുളസിയുടെ ഇടപെടലും ബന്ധപ്പെട്ട ഡയറക്ടറേറ്റുകളുടെ പിന്തുണയും ഉദ്യോഗാർഥികൾക്ക് സഹായകരമായി.

ആദിവാസി കുട്ടികൾക്ക് സ്വന്തം മാതൃഭാഷയിലൂടെയും ഗോത്രസംസ്കാരത്തിലൂടെയും പഠനത്തിൽ പിന്തുണ നൽകുകയാണ് മെന്റർ അധ്യാപകരുടെ പ്രധാന ചുമതല. സ്വന്തം സമുദായത്തിൽനിന്നുള്ള അധ്യാപകരിലൂടെ ഭാഷയും സംസ്കാരവും മനസ്സിലാക്കി പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും ഭാഷാപ്രശ്നങ്ങളും നേരിടുന്ന ആദിവാസി വിദ്യാർഥികളുടെ പഠനത്തിന് പുതിയ നിയമനങ്ങൾ വലിയ പിന്തുണയാകുമെന്നാണ് പ്രതീക്ഷ.

You may also like