Home Nationalഅക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിൽ കോൺഗ്രസിന് പ്രതിഷേധം; മെറ്റയുമായി രഹസ്യ കൂടിക്കാഴ്ച, രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ച

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിൽ കോൺഗ്രസിന് പ്രതിഷേധം; മെറ്റയുമായി രഹസ്യ കൂടിക്കാഴ്ച, രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ച

by news_desk1
0 comments

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് നിയന്ത്രണവും രാഷ്ട്രീയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതും സംബന്ധിച്ച തർക്കം പുതിയ തലത്തിലേക്ക്. കോൺഗ്രസ് പ്രതിനിധികൾ മെറ്റ അധികൃതരുമായി ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടുമണിക്കൂറിലേറെ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി. യോഗം നടന്ന കാര്യം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ ജനാധിപത്യ പ്രക്രിയയിൽ മെറ്റ ഇടപെടുകയാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, രാജ്യത്തെ ഐടി നിയമങ്ങൾ പാലിച്ചാണ് നടപടികളെന്ന് മെറ്റ വിശദീകരിച്ചു.

മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി അമൻ ജെയിൻ, ഇൻസ്റ്റഗ്രാമിന്റെ പബ്ലിക് പോളിസി വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവ് നതാഷ് ജോഗ് എന്നിവർ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി സുപ്രിയ ശ്രീനേറ്റുമായും സംഘാംഗങ്ങളുമായുമാണ് കൂടിക്കാഴ്ച നടത്തിയത്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും കോൺഗ്രസ് പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെറ്റയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഹൈദരാബാദിലെ പ്രതിഷേധത്തിനിടെ പ്രവർത്തകർ മെറ്റയുടെ ഓഫീസ് പരിസരത്തേക്ക് പ്രവേശിച്ചതിൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക മെറ്റ അധികൃതർ യോഗത്തിൽ അറിയിച്ചു. എന്നാൽ പ്രതിഷേധക്കാർ ഓഫീസ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

കോൺഗ്രസുമായി ബന്ധപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ തുടർച്ചയായി ബ്ലോക്ക് ചെയ്യുന്നതിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ മെറ്റ ഇടപെടുകയാണെന്നാണ് കോൺഗ്രസ് സംഘത്തിന്റെ പ്രധാന ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരായ വിമർശനങ്ങളും രാഷ്ട്രീയ ഉള്ളടക്കങ്ങളും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

എന്നാൽ നീക്കം ചെയ്ത വീഡിയോകളിൽ ഭൂരിഭാഗവും നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചവയാണെന്നാണ് മെറ്റ അധികൃതർ വിശദീകരിച്ചതെന്നാണ് വിവരം. ഇന്ത്യയിലെ നിലവിലുള്ള ഐടി നിയമങ്ങൾ അനുസരിച്ചും കമ്പനിയുടെ ഉള്ളടക്ക നിയന്ത്രണ നയപ്രകാരവുമാണ് നടപടികളെന്നും പ്രാദേശിക നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും മെറ്റ പ്രതിനിധികൾ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ ഉള്ളടക്ക നിയന്ത്രണവും അക്കൗണ്ട് മരവിപ്പിക്കലും സംബന്ധിച്ച് കോൺഗ്രസും മെറ്റയും തമ്മിലുള്ള ഭിന്നത കൂടുതൽ ചർച്ചയാകുന്നതാണ് ഈ കൂടിക്കാഴ്ചയോടെ വ്യക്തമാകുന്നത്.

You may also like