കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി വയനാട് ടൗൺഷിപ്പിൽ രണ്ടാംഘട്ടത്തിൽ നിർമിക്കുന്ന 149 വീടുകളുടെ പണി പൂർത്തിയാകുന്നു. ഇവ കൂടി കൈമാറുന്നതോടെ ടൗൺഷിപ്പിൽ ആകെ 327 കുടുംബങ്ങൾക്ക് വീടുകൾ ലഭിക്കും.
രണ്ടാംഘട്ടത്തിൽ സോൺ ഒന്നിൽ 23, സോൺ മൂന്നിൽ ആറ്, സോൺ നാലിൽ 14, സോൺ അഞ്ചിൽ 106 വീടുകളാണ് നിർമിക്കുന്നത്. അങ്കണവാടി, ആരോഗ്യകേന്ദ്രം, മാർക്കറ്റ്, പൊതുശുചിമുറി, റോഡുകൾ എന്നിവയും ഡിസംബറോടെ സജ്ജമാക്കും. കുട്ടികളുടെ പരിചരണത്തിനും ആരോഗ്യസംരക്ഷണത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിനായി ഓരോ വീട്ടിലും ത്രീ ലെയർ ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകും. കൂടാതെ രണ്ട് കിലോവാട്ട് ശേഷിയുള്ള റൂഫ്ടോപ്പ് സൗരോർജ പ്ലാന്റും ഓരോ വീട്ടിലുമുണ്ടാകും. നെറ്റ് മീറ്ററിങ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ വയനാട് ടൗൺഷിപ്പ് ജില്ലയിലെ പ്രധാന റസിഡൻഷ്യൽ സൗരോർജ കൂട്ടായ്മകളിലൊന്നായി മാറും.
