ദില്ലി: നിർണായക രാഷ്ട്രീയ നീക്കവുമായി കേന്ദ്ര സർക്കാർ. മണ്ഡല പുനർനിർണയ, വനിതാ പ്രാതിനിധ്യ ബില്ലുകളിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശവും വനിതാ പ്രാതിനിധ്യ ബില്ലും മന്ത്രിസഭ അംഗീകരിച്ചു. ബില്ലുകൾ പാസാക്കാനുള്ള ആവശ്യമായ വോട്ടുകൾ ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയാണ് എൻഡിഎയുടെ ലക്ഷ്യം.
നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ മാറ്റങ്ങൾ വരുത്തിയാകും ഇത്തവണ പാർലമെന്റിൽ കൊണ്ടുവരികയെന്നാണ് സൂചന. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴു മാസത്തിന് ശേഷമാണ് കേന്ദ്രം വീണ്ടും നീക്കവുമായി രംഗത്തെത്തുന്നത്. നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരം ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായി പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.
ഡി.എം.കെയുടെ 22 അംഗങ്ങൾ, എൻ.സി.പി. (ശരദ് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈ.എസ്.ആർ. കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ പിന്തുണ ലഭിച്ചാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നിരയിലെ ചില എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതും ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയാണെങ്കിൽ പിന്തുണ നൽകുന്ന കാര്യത്തിൽ സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡി.എം.കെ. നേതാവ് ഇളങ്കോവൻ വ്യക്തമാക്കി.
അതേസമയം, മണ്ഡല പുനർനിർണയം ബിജെപിയുടെ രാഷ്ട്രീയ മണ്ടത്തരമായി മാറുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. വോട്ടുകൾ ചോരാതിരിക്കാൻ പ്രതിപക്ഷം വിപ്പ് നൽകുകയും കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി യോഗം ചേരുകയും ചെയ്യുന്നുണ്ട്. എൻ.സി.പി. (ശരദ് പവാർ) വിഭാഗം ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനിന്നാൽ കേന്ദ്രത്തിന്റെ നീക്കം വീണ്ടും പരാജയപ്പെടുമെന്ന വിലയിരുത്തലും പ്രതിപക്ഷത്തിനുണ്ട്.
