കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എട്ട് കേസുകളിൽ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടും ഒരു കേസിൽ മാത്രം കുറ്റപത്രം സമർപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റ് കേസുകളിലും ഉടൻ അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
നിർദേശം പാലിക്കാത്തതിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി എസ്. ശശിധരൻ നാളെ നേരിട്ട് ഹാജരാകണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. എട്ട് കേസുകളിലും ഉടൻ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടും നിർദേശം പാലിക്കാതെ ഒരു കേസിൽ മാത്രം കുറ്റപത്രം നൽകിയതിനാണ് കോടതിയുടെ വിമർശനം.
എല്ലാം കോടതിയുടെ നിർദേശപ്രകാരമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് പൊലീസ് സംവിധാനമെന്ന് ഹൈക്കോടതി ചോദിച്ചു. ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ എന്താണ് ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു. ഉത്തരവ് പാലിക്കാതിരുന്നതിന്റെ കാരണം വിശദീകരിക്കണമെന്നും വീഴ്ച അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസുകളിൽ ഉൾപ്പെട്ടവർ സ്വാധീനമുള്ളവരാണെങ്കിൽ നടപടികൾ സ്വീകരിക്കാൻ കോടതി നിർബന്ധിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും അല്ലാത്തപക്ഷം യാതൊരു പങ്കുമില്ലാത്ത പാവപ്പെട്ടവരെപ്പോലും കസ്റ്റഡിയിലെടുക്കുമെന്നും കോടതി നിരീക്ഷിച്ചു. എസ്ഐടി ഹൈക്കോടതിയെ കബളിപ്പിക്കുകയാണെന്നും വീഴ്ച അതീവ ഗൗരവമുള്ളതാണെന്നും കോടതി വിമർശിച്ചു.
അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് വരുത്തിത്തീർക്കാൻ മാത്രമാണ് എസ്ഐടി ശ്രമിച്ചതെന്നും അതിന്റെ ഭാഗമായാണ് ഒരു കേസിൽ മാത്രം കുറ്റപത്രം കോടതിയിൽ നൽകിയതെന്നും എസ്ഐടിയുടെ കംപ്ലയൻസ് റിപ്പോർട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
