Home Keralaപാലക്കാട് ജ്വല്ലറി കവർച്ചക്കാർക്കായി ഒന്നര കിലോമീറ്റർ പിന്തുടർന്ന് പൊലീസ്; പഴക്കംചെന്ന ജീപ്പ് വില്ലനായി

പാലക്കാട് ജ്വല്ലറി കവർച്ചക്കാർക്കായി ഒന്നര കിലോമീറ്റർ പിന്തുടർന്ന് പൊലീസ്; പഴക്കംചെന്ന ജീപ്പ് വില്ലനായി

by news_desk1
0 comments

പാലക്കാട്: 43 പവൻ സ്വർണം കവർന്ന സംഘത്തെ തമിഴ്നാട്ടിൽ കണ്ടെത്തിയെങ്കിലും പിടികൂടാനാകാതെ കേരള പൊലീസിന് തിരിച്ചടി. പ്രതികൾ സഞ്ചരിച്ച കാർ കണ്ടതോടെ ഒന്നര കിലോമീറ്ററോളം പൊലീസ് സംഘം പിന്തുടർന്നെങ്കിലും പഴക്കംചെന്ന ജീപ്പ് വില്ലനായി. ചെറിയ വഴിയിലൂടെ കടന്നുകളഞ്ഞ മോഷ്ടാക്കൾക്കായി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.

പാലക്കാട്–തിരുവില്വാമല റോഡിലെ പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് ഇഷാൻ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘത്തെയാണ് തമിഴ്നാട്ടിലെ ഗോപാലപുരത്ത് അന്വേഷണത്തിനിടെ പൊലീസ് യാദൃച്ഛികമായി കണ്ടത്. പട്ടാമ്പി സി.ഐ. ദീപകുമാറും കോട്ടായി എസ്.ഐ. എം. അജാസുദ്ദീനും സംഘവും പ്രതികളെ പിന്തുടർന്നെങ്കിലും ജീപ്പിന്റെ കാലപ്പഴക്കം ചേസിന് തടസ്സമായെന്നാണ് വിവരം. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. സംഘത്തിലെ ചിലർക്ക് കേരളവുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

കവർച്ചയ്ക്ക് മുമ്പ് പ്രതികൾ അങ്കമാലി ഭാഗത്തെത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒരു സ്വർണവ്യാപാരിയുമായി സംഘം ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.

വെടിയുതിർത്തും കത്തിവീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് നാലംഗസംഘം ജ്വല്ലറിയിൽ കവർച്ച നടത്തിയത്. ഉടമകളെയും ജീവനക്കാരെയും തോക്കിൻമുനയിൽ നിർത്തിയ സംഘം 43 പവൻ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം എത്തിയത്.

വീടിനോട് ചേർന്നുള്ള ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്. തുടർന്ന് ജീവനക്കാരും ഉടമകളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വെടിയുതിർത്ത സംഘം അവരെ ഭയപ്പെടുത്തി. ജ്വല്ലറിയിലെ അലമാരയിൽ പ്രദർശിപ്പിച്ചിരുന്ന മൂന്ന് പെട്ടികളിലെ ആഭരണങ്ങളാണ് കവർന്നത്.

You may also like