കോഴിക്കോട്: എസ്.എം.എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിന് വീണ്ടും വൻകൈത്താങ്ങ്. കുട്ടികളുടെ ചികിത്സയ്ക്കായി ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് വ്യവസായി ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു. നേരത്തേ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നാടൊന്നാകെ ധനസമാഹരണം നടത്തുന്നതിനിടെയാണ് ഇരുവരുടെയും സഹായം ആശ്വാസമാകുന്നത്.
കോഴിക്കോട് മുക്കം കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ–ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായാണ് ജനകീയ ധനസമാഹരണം നടക്കുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് രണ്ട് എന്ന അപൂർവ ജനിതകരോഗമാണ് സ്ഥിരീകരിച്ചത്.
ജീൻ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ഒരു കുട്ടിക്ക് ഏകദേശം 16.5 കോടി രൂപ വീതം ചെലവ് പ്രതീക്ഷിക്കുന്നു. തുടർചികിത്സയടക്കം മൂന്ന് കുട്ടികൾക്കുമായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ ജനകീയ ചികിത്സാ സഹായസമിതി ധനസമാഹരണം ഊർജിതമാക്കിയിരിക്കുകയാണ്.
കുടുക്ക പൊട്ടിച്ച് സമ്പാദ്യം നൽകുന്ന കുട്ടികൾ മുതൽ വിവിധ ചലഞ്ചുകളിലൂടെ പണം കണ്ടെത്തുന്ന സന്നദ്ധ സംഘടനകൾ വരെ ഈ ദൗത്യത്തിൽ പങ്കാളികളാണ്. ഇതുവരെ 33.05 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ആവശ്യമായ മുഴുവൻ തുകയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ജോയ് ആലുക്കാസിന്റെയും എം.എ. യൂസഫലിയുടെയും സഹായപ്രഖ്യാപനങ്ങൾ പ്രതീക്ഷയാകുന്നത്.
പേശികളുടെ ശക്തി ക്രമേണ കുറയുകയും കുട്ടികളുടെ ചലനശേഷിയെ ബാധിക്കുകയും ചെയ്യുന്ന ജനിതകരോഗമാണ് എസ്.എം.എ. മൂന്ന് കുട്ടികളും നിലവിൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
