ദില്ലി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരിക്ക് വീണ്ടും തിരിച്ചടി. ഉൽപന്നത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) അനുമതി നൽകി. എന്നാൽ വിവാദമായ കുപ്പിവെള്ള ബാച്ച് മാസങ്ങൾക്കുമുമ്പ് തന്നെ വിപണിയിൽനിന്ന് പൂർണമായി പിൻവലിച്ചെന്നും സ്വതന്ത്ര ലബോറട്ടറി പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.
കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള ബിസ്ലേരിയുടെ തേലിപ്പാറ പ്ലാന്റിൽനിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർന്ന് നടത്തിയ റഫറൽ ഫുഡ് ലബോറട്ടറി പരിശോധനയിലും വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ട ബാച്ചിലെ കുപ്പിവെള്ളത്തിന്റെ വിൽപന നിരോധിക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഗോവയിലെ ബിസ്ലേരി പ്ലാന്റിൽനിന്നുള്ള കുപ്പിവെള്ള സാമ്പിളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നും എഫ്എസ്എസ്എഐ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പശ്ചിമ ബംഗാളിലെ പ്ലാന്റുമായി ബന്ധപ്പെട്ട പുതിയ നടപടി.
അതേസമയം, ജൽപായ്ഗുരി പ്ലാന്റിൽ നിർമിച്ച PB201 ബാച്ചിലെ കുപ്പിവെള്ളം എഫ്എസ്എസ്എഐയുടെ നിർദേശപ്രകാരം 2026 ഓഗസ്റ്റ് 12ന് തന്നെ വിപണിയിൽനിന്ന് പൂർണമായി പിൻവലിച്ചിരുന്നുവെന്നാണ് ബിസ്ലേരിയുടെ വിശദീകരണം.
ഇതേ ബാച്ചിലെ സാമ്പിളുകൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള രണ്ട് സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിച്ചിരുന്നുവെന്നും പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും കമ്പനി അവകാശപ്പെട്ടു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ബിസ്ലേരി വ്യക്തമാക്കി.
ഔദ്യോഗിക പരിശോധനാ ഫലങ്ങളും സ്വതന്ത്ര ലബോറട്ടറികളിലെ പരിശോധനാ ഫലങ്ങളും തമ്മിലുള്ള വലിയ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും കമ്പനി എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
