ബെംഗളൂരു: ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും തിരക്കിലാകുന്നത് സംശയത്തിന് കാരണമായി; ഒടുവിൽ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ബെംഗളൂരുവിൽ നഴ്സിങ് ജോലിക്കെത്തിയ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതേച്ചൊല്ലി നവംബർ 26ന് രാത്രി ഇരുവരും വഴക്കിട്ടിരുന്നു. അടുത്ത ദിവസവും തർക്കം തുടർന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽകുഴിയിൽ ശിവഗംഗയിൽ അനിൽ–ബിന്ദു ദമ്പതികളുടെ മകൾ ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട ഏജന്റായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര നീലേശ്വരം വെള്ളികോണത്ത് വീട്ടിൽ ഗോകുൽ കൃഷ്ണയെ (23) കോട്ടൺപേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് ഇരുവരും ഒരുമിച്ച് കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയത്. തുടർന്ന് മജസ്റ്റിക്കിന് സമീപം കോട്ടൺപേട്ടിലെ ഒടിസി റോഡിലുള്ള റീജൻസി ലോഡ്ജിൽ മുറിയെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ ഗോകുൽ കത്തി ഉപയോഗിച്ച് ഗംഗയെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിനു പിന്നാലെ ഹോട്ടൽ റിസപ്ഷനിലെത്തി ഗോകുൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ പൊലീസിനെ വിളിച്ചുവരുത്തി.
